ശബരിമല വിവാദം; വിശദീകരണയോഗം നടത്താൻ എൽഡിഎഫ്, മന്ത്രി വി എൻ വാസവൻ പങ്കെടുക്കും

ശബരിമല വിവാദത്തിൽ വിശദീകരണ യോഗം നടത്താൻ എൽഡിഎഫ്. എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. ഇന്ന് നടക്കുന്ന പരിപാടിയിൽ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പങ്കെടുക്കും.

അതേസമയം ശബരിമലയിലെ സ്വർണ മോഷണത്തിൽ ഉദ്യോഗസ്ഥ വീഴ്ച അക്കമിട്ട് നിരത്തി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. സ്വര്‍ണം പൂശിയ ശില്പം കൊണ്ട് അന്യായമായി ലാഭമുണ്ടാക്കിയെന്നും സ്വര്‍ണക്കൊള്ള ദേവസ്വം ബോര്‍ഡ് അറിഞ്ഞില്ല എന്ന് കരുതാന്‍ കഴിയില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ദേവസ്വം ബോര്‍ഡിന്റെ വീഴ്ചകള്‍ നിരത്തിയാണ് അന്വേഷണ റിപ്പോര്‍ട്ട്. 2019 ലെ ദേവസ്വം ബോര്‍ഡിനെയടക്കം സംശയിച്ചുകൊണ്ടാണ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സ്വർണ മാറ്റത്തിന് ബോര്‍ഡ് അധികാരികളുടെ പ്രേരണയോ സമ്മര്‍ദമോ നിര്‍ദേശമോ ഉണ്ടായിരുന്നോ എന്നത് ഗൗരവമായി അന്വേഷിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. കൂടാതെ നിരവധി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതിക്ക് സമര്‍പ്പിച്ച ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Read more