ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ബില്‍ കൊണ്ടു വരുന്നതാണ് ഉചിതമെന്ന് ദേവസ്വം മന്ത്രി

ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ബില്‍ കൊണ്ടു വരുന്നതാണ് ഉചിതമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇക്കാര്യം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എല്ലാ സ്വകാര്യ ബില്ലുകള്‍ക്കും ഉണ്ടാകുന്ന അനുഭവം ഈ ബില്ലിനും ഉണ്ടാകാനാണ് സാധ്യതയെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സാധാരണ സ്വകാര്യ ബില്ലുകള്‍ സഭയില്‍ പാസാകാറില്ല.

ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെ എന്‍.കെ പ്രേമചന്ദ്രനാണ് സ്വകാര്യ ബില്ലിന് നോട്ടീസ് നല്‍കിയത്. ബില്ല് വെള്ളിയാഴ്ച അവതരിപ്പിക്കാനാണ് അനുമതി കിട്ടിയത്. ശബരിമല ശ്രീധര്‍മ്മക്ഷേത്ര ബില്‍ എന്ന പേരിലാണ് നോട്ടീസ് നല്‍കിയത്. ശബരിമലയില്‍ നിലവിലെ ആചാരങ്ങള്‍ തുടരണം എന്നാണ് ബില്ലില്‍ എന്‍. കെ പ്രേമചന്ദ്രന്‍ നിര്‍ദ്ദേശിക്കുന്നത്. പതിനേഴാം ലോക്‌സഭയിലെ ആദ്യ സ്വകാര്യ ബില്ലാകുമിത്.

ആചാരങ്ങളുടെ സംരക്ഷണത്തിന് നിയമവഴി തേടുമെന്ന് ബി.ജെ.പി വാഗ്ദാനം നല്‍കിയിരുന്നു.