എല്ലാ ഫ്ലാറ്റുടമകൾക്കും 25 ലക്ഷം നഷ്ടപരിഹാരം, പൊളിക്കുന്നതിൽ ഒരു ഇളവും പ്രതീക്ഷിക്കേണ്ട, കോടതിയിലെത്തിയ ഫ്ലാറ്റുടമകളോട് ക്ഷോഭിച്ച് ജസ്റ്റിസ്

മരടിലെ എല്ലാ ഫ്ലാറ്റുടമകൾക്കും 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി ഉത്തരവ് നൽകി. രജിസ്ട്രേഷനിൽ വില കുറച്ചു കാണിച്ചവർക്കും ഇത് നൽകണമെന്ന് ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി. എന്നാൽ ഫ്ലാറ്റുകൾ പൊളിക്കുന്ന കാര്യത്തിൽ ഒരു ഇളവും പ്രതീക്ഷിക്കേണ്ടെന്ന് കോടതി വ്യക്തമാക്കി. കോടതി ഉത്തരവ്, ഉത്തരവ് തന്നെയാണ്. അത് നടപ്പാക്കുക തന്നെ വേണം, അക്കാര്യത്തിൽ ഒരു ഇളവും പ്രതീക്ഷിക്കേണ്ടെന്ന് ജസ്റ്റിസ് മിശ്ര പറഞ്ഞു.

നഷ്ട പരിഹാരത്തുക ഫ്ലാറ്റ് നിർമ്മാതാക്കളിൽ നിന്ന് ഈടാക്കണം. ഇതിനായി ആദ്യഘട്ടമെന്ന നിലയിൽ 20 കോടി രൂപ ഇവർ കെട്ടിവെയ്ക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഇതിനായി ബാങ്ക് അകൗണ്ട് മരവിപ്പിച്ച നടപടിയിൽ ഇളവ് അനുവദിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാകാനെത്തിയ ഫ്ലാറ്റ് ഉടമകളോട് ജസ്റ്റിസ് മിശ്ര ക്ഷുഭിതനായി. കോടതിയിൽ പ്രശ്നം ഉന്നയിക്കാൻ ശ്രമിച്ച ഫ്ലാറ്റുടമകളുടെ അഭിഭാഷകനെ കോടതി താക്കീത് ചെയ്തു. ഇത് പൊതുസ്ഥലമല്ല, ഇവിടെ ബഹളം വെയ്ക്കരുതെന്നും ജസ്റ്റിസ് മിശ്ര പറഞു.

കോടതി നിയമിച്ച റിട്ടയേഡ് ഹൈക്കോടതി ജഡ്ജി കെ. ബാലകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷനായുള്ള സമിതി ഫ്‌ളാറ്റുടമകള്‍ക്ക് നഷ്ട പരിഹാരം നല്‍കി വരികയാണ്. ഇതുവരെ 10 കോടി 87 ലക്ഷം രൂപ വിതരണം ചെയ്തു. ഫ്‌ളാറ്റുടമകള്‍ക്ക് നല്‍കുന്ന രേഖകള്‍ പ്രകാരമാണ് നഷ്ടപരിഹാരം നല്‍കുന്നത്. പല ഫ്‌ളാറ്റുടമകളുടെയും രേഖകളില്‍ കുറഞ്ഞ തുകയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.