കൂടത്തായി: പരാതിക്കാരന്‍ റോജോ നാട്ടിലെത്തി; അന്വേഷണ സംഘം മൊഴിയെടുക്കും

കോഴിക്കോട് കൂടത്തായിയിലെ കൊലപാതക പരമ്പര കേസ് വെളിപ്പെടാന്‍ കാരണക്കാരനായ പരാതിക്കാരന്‍ റോജോ നാട്ടിലെത്തി. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം റോജോയുടെ മൊഴി രേഖപ്പെടുത്തും. കൂടത്തായിയില്‍ കൊല്ലപ്പെട്ട റോയി തോമസിന്റെ സഹോദരനാണ് റോജോ. അമേരിക്കയില്‍ നിന്ന് കഴിഞ്ഞ മാസം നാട്ടിലെത്തിയ റോജോയുടെ ഇടപെടലാണ് കേസ് വീണ്ടും ഉയര്‍ന്നു വരാനും അന്വേഷണം ശരിയായ ദിശയില്‍ നീങ്ങാനും ഇടയായത്. ഇപ്പോള്‍ അന്വേഷണസംഘം ആവശ്യപ്പെട്ട പ്രകാരമാണ് റോജോ എത്തിയത്.

റോയ് തോമസിന്റെ കേസ് പുനരാന്വേഷിക്കാനുള്ള നടപടികള്‍ നടത്തിയ ശേഷം അമേരിക്കയിലേക്ക് റോജോ മടങ്ങിയിരുന്നു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അമേരിക്കയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ റോജോ എത്തിയത്. അന്വേഷണസംഘം ആവശ്യപ്പെട്ട പ്രകാരമാണ് റോജോ നാട്ടിലെത്തിയത്. പോലീസ് സുരക്ഷയോടെ റോജോയെ സഹോദരി റെഞ്ചി താമസിക്കുന്ന കോട്ടയത്തെ വൈക്കത്തെ വീട്ടില്‍ എത്തിച്ചു.

റെഞ്ചിയും, റോജോയും തങ്ങള്‍ക്ക് സുരക്ഷ വേണമെന്ന് പോലീസിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇന്നോ നാളെയോ ക്രൈംബ്രാഞ്ച് സംഘം കോഴിക്കോട് നിന്ന് വൈക്കത്ത് എത്തി റോജോയുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം. റോയിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് റോജോയാണ് മുന്‍ നടന്ന മരണങ്ങളുടെ വിവരങ്ങളും വിവരാവകാശ നിയപ്രകാരം എടുത്ത അന്വേഷണ റിപ്പോര്‍ട്ടുകളുമടക്കം പോലീസിനെ സമീപിച്ച് പരാതി നല്‍കിയത്.

ഈ പരാതിയെ തുടര്‍ന്നാണ്, റോയി തോമസിന്റെ അടക്കമുള്ള കൂടത്തായിയിലെ ആറ് മരണങ്ങളിലേക്ക് അന്വേഷണം എത്തിച്ചത്. അതേസമയം കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ ഇന്ന് അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് വടകര റൂറല്‍ എസ് പി ഓഫീസില്‍ ഹാജരാകാന്‍ ഷാജുവിന്റെ വീട്ടിലെത്തി ഇന്നലെ പോലീസ് നോട്ടീസ് കൈമാറിയിരുന്നു.

ഇത് മൂന്നാം വട്ടമാണ് ഷാജുവിനെ ചോദ്യം ചെയ്യുന്നത്. ഷാജുവിന്റെ അച്ഛന്‍ സക്കറിയയോടും ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയില്‍ ഉള്ള ജോളിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ജോളിയുടെ സ്വദേശമായ കട്ടപ്പന, ജോളി വിദ്യാഭ്യാസത്തിനായി പോയ പാല എന്നിവിടങ്ങളില്‍ നിന്ന് അന്വേഷണ സംഘം വിവരം ശേഖരിക്കാന്‍ എത്തിയിട്ടുണ്ട്.