ഇന്ന് തടഞ്ഞത് മൂന്നിടത്ത്, തമിഴ്നാട്ടിൽ പരിശോധിച്ചില്ല; സർവീസ് പൂർത്തിയാക്കി കോയമ്പത്തൂരിലെത്തി റോബിൻ ബസ്

ഒരു മാസത്തിന് ശേഷം വീണ്ടും സർവീസ് തുടങ്ങിയ റോബിൻ ബസ് മൂന്നിടത്തെ പരിശോധനകൾക്കു ശേഷം സർവീസ് പൂർത്തിയാക്കി കോയമ്പത്തൂരിലെത്തി. പത്തനംതിട്ടയിൽ നിന്ന് സർവീസ് ആരഭിച്ച ബസിനെ ആദ്യം മൈലപ്രയിലും പിന്നീട് ആനിക്കാടും തടഞ്ഞു. അവസാനമായി വാളയാർ ചെക്ക് പോസ്റ്റിലും മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്കു ശേഷമാണ് റോബിനെ കടത്തിവിട്ടത്. എന്നാൽ തമിഴ്നാട്ടിൽ ബസിന് പരിശോധനയുണ്ടായില്ല.

പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിലാണ് ബസ് സർവീസ് തുടങ്ങിയത്. കോടതി നിർദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് ബസ് കഴിഞ്ഞ ദിവസം വിട്ട് നൽകിയിരുന്നു. ഇന്ന് സർവീസ് തുടങ്ങി ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ മൈലപ്രയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് പരിശോധിച്ചു. പരിശോധനയ്ക്ക് ശേഷം സർവീസ് തുടരാൻ അനുവദിക്കുകയായിരുന്നു.

പിന്നീട് മൂവാറ്റുപുഴ ആനിക്കാട് വെച്ച്‌ വീണ്ടും എംവിഡി ഉദ്യോഗസ്ഥർ ബസിനെ തടഞ്ഞ് പരിശോധന നടത്തി. ശേഷം സർവീസ് തുടരാൻ അനുവദിച്ചു. അവസാനമായി വാളയാർ ചെക്ക് പോസ്റ്റിലും മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയ ശേഷമാണ് റോബിനെ കടത്തിവിട്ടത്. കഴിഞ്ഞ തവണ വാളയാർ എത്തുന്നതുവരെ 12 ഇടത്തായിരുന്നു പരിശോധനയും പിഴയൊടുക്കലും.

Read more

കഴിഞ്ഞ ദിവസമാണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത ബസ് കോടതി വിധിയുടെ സഹായത്തോടെ ബസ് വിട്ടുനല്‍കിയത്. അന്നുതന്നെ ചൊവ്വാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് ബസ് ഉടമ ബേബി ഗിരീഷ് പറഞ്ഞിരുന്നു. 82,000 രൂപ പിഴ അടച്ചാണ് പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ ഉത്തരവ് അനുസരിച്ച് ബസ് വിട്ടുനല്‍കിയത്.