മാധ്യമങ്ങള്‍ മിതത്വം പാലിച്ചില്ലെങ്കില്‍ കൂടത്തായി ആവര്‍ത്തിക്കും; ഋഷിരാജ് സിംഗ്

മാധ്യമങ്ങള്‍ മിതത്വം പാലിച്ചില്ലെങ്കില്‍ കൂടത്തായി പോലുള്ള സയനൈഡ് കൊലപാതകങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ഐപിഎസ്. മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൂടത്തായിയില്‍ ആറുപേരെ കൊലപ്പെടുത്തിയ കേസില്‍ മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കുന്നത് കുറയ്ക്കണം. ഇത് ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിന് കാരണമാകുമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.

കൂടത്തായിയില്‍ നടന്ന കൊലപാതകങ്ങളെ കുറിച്ച് വിശദമായ വിവരങ്ങളാണ് മണിക്കൂറിടവിട്ട് മാധ്യമങ്ങള്‍ നല്‍കി കൊണ്ടിരിക്കുന്നത്. കൊലപാതകം നടന്ന വര്‍ഷങ്ങള്‍, സംഭവം നടന്ന സമയം, പ്രതിചേര്‍ക്കപ്പെട്ടവര്‍, അവര്‍ എങ്ങനെ പെരുമാറുന്നു, എങ്ങനെ കുറ്റകൃത്യം ചെയ്തു, തുടങ്ങിയ വിശദമായ റിപ്പോര്‍ട്ടുകളാണ് മാധ്യമങ്ങള്‍ വഴി നല്‍കുന്നത്.സയനൈഡ് ഉപയോഗിച്ച് ഇത്തരത്തിലെല്ലാം ഒരാളെ കൊലപ്പെടുത്താമെന്ന സന്ദേശം കൂടിയാണ് ഇതില്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ നല്‍കുന്ന വിശദമായ വാര്‍ത്തകള്‍ പലപ്പോഴും മാധ്യമ ധര്‍മ്മം പാലിക്കാതെയാണ് വായനക്കാര്‍ക്ക് മുമ്പിലെത്തിക്കുന്നതെന്ന് മറക്കരുതെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.

കൊലപാതകങ്ങളുടെ രീതിയെ കുറിച്ച് ഇത്തരത്തില്‍ വിശദമായ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത് സമാനമായ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് കായലില്‍ ഒരാളുടെ മൃതദേഹം നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് പൊങ്ങിയത് മൃതദേഹം പൊങ്ങാന്‍ വൈകിയത് കുടല്‍ മുറിച്ചു മാറ്റപ്പെട്ടതിനാലാണെന്ന് കണ്ടെത്തിയിരുന്നു. അന്ന് ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടുകളാണ് മാധ്യമങ്ങള്‍ നല്‍കിയത്.

ഇതിന് പിന്നാലെ വേമ്പനാട് കായലില്‍ പൊങ്ങിയ നാല് മൃതദേഹങ്ങളില്‍ നിന്നും കുടല്‍ മാറ്റപ്പെട്ടിരുന്നു. അതു കൊണ്ടു തന്നെ ഇത്തരം കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മിതത്വം പാലിക്കണം. ഋഷിരാജ് സിംഗ് വ്യക്തമാക്കി.