രമ്യ ഹരിദാസിന് കാർ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ച് യൂത്ത് കോൺഗ്രസ്സ്, സംഭാവന നൽകിയവർക്ക് തിരികെ നൽകും

ആലത്തൂർ എം പി രമ്യ ഹരിദാസിന് പണപ്പിരിവ് നടത്തി കാർ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ച് യൂത്ത് കോൺഗ്രസ്സ്. പാർട്ടിക്കകത്തും സാമൂഹ്യ മാധ്യമങ്ങളിലും ശക്തമായ എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഇത് ഉപേക്ഷിക്കാൻ തീരുമാനിച്ചത്. രമ്യ ഹരിദാസ് കാർ സ്വീകരിക്കില്ലെന്ന് അറിയിച്ചതും യൂത്ത് കോൺഗ്രസിന് തിരിച്ചടിയായി. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇതിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. സംഭാവന നൽകിയവർക്ക് പണം തിരിച്ചു നൽകുമെന്ന് ആലത്തൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് ഭാരവാഹികൾ അറിയിച്ചു.

കാറ് വാങ്ങാൻ ഇതുവരെ പിരിച്ചെടുത്തത് 6.13 ലക്ഷം രൂപയാണെന്ന് പിരിവിന് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം കമ്മിറ്റി അറിയിച്ചു.  കാർ വേണ്ടെന്ന് എംപി അറിയിച്ച സാഹചര്യത്തിൽ കാർ വാങ്ങേണ്ടതില്ലെന്നും  കമ്മിറ്റി തീരുമാനിച്ചു.

കാർ വാങ്ങി നൽകാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചതായി വ്യക്തമാക്കിയ നേതാക്കൾ, പിരിച്ചെടുത്ത പണം തിരികെ നൽകുമെന്നും പ്രസ്താവനയിൽ പറഞ്ഞു. ഇതിന് പുറമെ,  അപവാദ പ്രചാരണം നടത്തിയതിന് ബിനീഷ് കോടിയേരിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാനും പാർലമെന്റ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

തനിക്കായി യൂത്ത് കോണ്‍ഗ്രസുകാര്  പിരിവെടുത്ത് വാങ്ങുന്ന കാര്‍ നിരസിക്കുമെന്ന്  രമ്യ ഹരിദാസ്നേരത്തെ വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്റിന്റെ അഭിപ്രായം അനുസരിക്കുന്നുവെന്നും പൊതുജീവിതം സുതാര്യവും ആയിരിക്കണം എന്നത് വ്രതവും ശപഥവുമാണെന്നും രമ്യ തന്റെ ഫെയ്‌സബുക്കില്‍ കുറിച്ചു.

ഫെയ്‌സബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : 

“എന്നെ ഞാനാക്കിയ
എന്റെ പാർട്ടിയുടെ സംസ്ഥാന
അദ്ധ്യക്ഷൻ
ഒരഭിപ്രായം പറഞ്ഞാൽ
അതാണ് എന്റെ അവസാന ശ്വാസം 
ഞാൻ KPCC പ്രസിഡണ്ടിന്റെ
വാക്കുകൾ ഏറെ അനുസരണയോടെ ഹൃദയത്തോടു ചേർക്കുന്നു.
എന്നെ ഒരുപാട് സ്നേഹിക്കുന്ന
എന്റെ സഹോദരങ്ങൾക്ക്
ഒരു പക്ഷേ എന്റെ തീരുമാനം
ഇഷ്ടപ്പെട്ടെന്ന് വരില്ല
നമ്മുടെ കൂടപ്പിറപ്പുകളിൽ ഒരാൾ സംസ്ഥാനത്തെ യുവതക്ക് വേണ്ടി
ജീവൻ പണയം വച്ച് സമരം ചെയ്യുമ്പോൾ നമ്മുടെ കണ്ണും കാതും എല്ലാം
ആ പോരാട്ടത്തിന് മദ്ധ്യേ ആയിരിക്കണം. ജീവിതത്തിൽ ഒരുപാട് പ്രായാസങ്ങളിലൂടെ കടന്നുപോയ എനിക്കൽപ്പമെങ്കിലും
അശ്വാസവും സ്നേഹവും ലഭിച്ചത്
ഈ പൊതുജീവിതത്തിന്റെ
ഇടങ്ങളിൽ ആണ്.
അവിടെ എന്റെ പൊതു ജീവിതം സുതാര്യമായിരിക്കണമെന്നുള്ളത്
എന്റെ വ്രതവും ശപഥവുമാണ്”.

https://www.facebook.com/Ramyaharidasmp/posts/481529905752222