കൊല്ലം തേവലക്കരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈന്‍ നിക്കം ചെയ്ത് കെഎസ്ഇബി. തേവലക്കര ബോയ്സ് എച്ച്എസില്‍ താത്കാലിക ഷെഡിന് മുകളിലുണ്ടായിരുന്ന ഇലക്ട്രിക് ലൈന്‍ ആണ് നീക്കം ചെയ്തത്. ഷോക്കേറ്റ് മരിച്ച മിഥുന്റെ മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം സംസ്‌കരിച്ചു.
കെഎസ്ഇബിയുടെ ഉദ്യോഗസ്ഥരെത്തിയാണ് സ്‌കൂളിന് സമീപത്ത് താഴ്ന്ന് കിടന്ന് വൈദ്യുതി ലൈന്‍ മാറ്റിയത്. ഇന്നലെ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ വൈദ്യുതി ലൈന്‍ മാറ്റാന്‍ ധാരണയായിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. സ്‌കൂളിലെ തകര ഷീറ്റ് പാകിയ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയ മിഥുന്‍ ത്രീഫേസ് വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിക്കുകയായിരുന്നു.
ട്യൂഷന്‍ കഴിഞ്ഞ് സ്‌കൂളിലെത്തിയ മിഥുന്‍ ക്ലാസ് മുറിയില്‍ സഹപാഠികള്‍ക്കൊപ്പം കളിക്കുന്നതിനിടെ സഹപാഠിയുടെ ചെരുപ്പ് തകരഷെഡിന് മുകളില്‍ വീണു. ഇതെടുക്കാനായി ഡെസ്‌ക്കിന് മുകളില്‍ കസേരയിട്ട് മിഥുന്‍ അരഭിത്തിക്ക് മുകളിലുള്ള തടിപ്പാളികള്‍ക്കിടയിലൂടെ ഷെഡിന് മുകളില്‍ ഇറങ്ങി.
Read more
തുടര്‍ന്ന് ചെരുപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി ഇലക്ട്രിക് ലൈനില്‍ പിടിച്ചതോടെയാണ് മിഥുന് അപകടം സംഭവിക്കുന്നത്. അദ്ധ്യാപകര്‍ ബെഞ്ച് ഉപയോഗിച്ച് മിഥുനെ ഇലക്ട്രിക് ലൈനില്‍ നിന്ന് വേര്‍പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.