മതഭീകരത ഭയന്ന് പലായനം ചെയ്യുന്നവരുടെ മതപരിശോധന മനുഷ്യത്വരഹിതം: രവിചന്ദ്രൻ സി.

മതഭീകരത ഭയന്ന് പലായനം ചെയ്യുന്ന അഫ്ഗാനിസ്ഥാനിലെ ഇന്ത്യാക്കാരെ രക്ഷപെടുത്തുന്ന കാര്യത്തില്‍ ഹിന്ദു- സിഖ് സമുദായത്തില്‍ പെട്ടവര്‍ക്ക് വിശേഷ പരിഗണനയോ മുന്‍ഗണനയോ നല്‍കും എന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് യുക്തിചിന്തകനായ രവിചന്ദ്രൻ സി.

‘മതന്യൂനപക്ഷങ്ങളെ’ തിരഞ്ഞുപിടിച്ച് വിമാനത്തില്‍ കയറ്റി തിരിച്ചെത്തിക്കുന്നത്‌ ഒരു മതേതര ജനാധിപത്യ വ്യവസ്ഥയ്ക്ക് ചേര്‍ന്നതല്ല. ദുരന്തത്തിന് അടിപ്പെടുന്നവരില്‍ ന്യൂനപക്ഷ- ഭൂരിപക്ഷ പരിശോധന അനാവശ്യവും അപമാനകരവുമാണ്. പ്രാണന്‍ കൈയില്‍ പിടിച്ച് പേടിച്ചോടുന്നവര്‍ മനുഷ്യര്‍ മാത്രമാണ്. അവരില്‍ മതപരിശോധന നടത്തുന്നത് മനുഷ്യത്വരഹിതമാണ്. എല്ലാവരെയും കൊണ്ടുവരണം, പലായനം ചെയ്യുന്നവരിലെ മതപരിശോധന അശ്ലീലമാണെന്നും രവിചന്ദ്രൻ പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷമായ സിഖ്, ഹിന്ദു സമൂഹത്തിലെ അംഗങ്ങൾക്ക് ഇന്ത്യയിലേക്ക് വരാൻ ഇന്ത്യ സഹായമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചിരുന്നു. “അഫ്ഗാൻ സിഖ്, ഹിന്ദു സമുദായങ്ങളുടെ പ്രതിനിധികളുമായി ഞങ്ങൾ നിരന്തരം ബന്ധപ്പെടുന്നുണ്ട്. അഫ്ഗാനിസ്ഥാൻ വിടാൻ ആഗ്രഹിക്കുന്നവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ ഞങ്ങൾ സൗകര്യമൊരുക്കും,” വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പ്രസ്താവനയിൽ പറഞ്ഞു.