മതവാദത്തെ ഭീതിയോടെ മാത്രമേ കാണാനാകൂ, മതേതര സമൂഹം ഇത് പുച്ഛത്തോടെ തള്ളിക്കളയും: ഹരീഷ് വാസുദേവൻ

അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്​ഗാൻ എന്ന മാധ്യമം ദിനപത്രത്തിലെ ​ഗ്രാന്റ് ലീഡ് വാർത്തയെ വിമർശിച്ച് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. മാധ്യമം പത്രവും അവരുടെ ഉടമയായ ജമാഅത്തെ ഇസ്ലാമിയും മുന്നോട്ട് വെയ്ക്കുന്ന അപകടകരമായ മതരാഷ്ട്രവാദത്തിന്റെ ആഴം ഈ തലക്കെട്ടിൽ കാണാം എന്ന് ഹരീഷ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

അമേരിക്കൻ അധിനിവേശ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധത്തിന് വിരാമമിട്ട് അവസാന സൈനികനും പിന്മാറിയതോടെ അഫ്​ഗാനിസ്ഥാനിന് സ്വാന്ത്ര്യമെന്നാണ് മാധ്യമം റിപ്പോർട്ട് ചെയ്തത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

മാധ്യമം പത്രവും അവരുടെ ഉടമയായ ജമാഅത്തെ ഇസ്ലാമിയും മുന്നോട്ട് വെയ്ക്കുന്ന അപകടകരമായ മതരാഷ്ട്രവാദത്തിന്റെ ആഴം ഇന്നത്തെ തലക്കെട്ടിൽ കാണാം. എത്രതന്നെ പുരോഗമനം പറഞ്ഞാലും, സ്ത്രീകൾക്ക് ജീവിക്കാനോ ജോലി ചെയ്യാനോ പറ്റാത്ത, തീവ്രവാദികളാൽ ഭരിക്കപ്പെടുന്ന അവസ്ഥയ്ക്ക് ‘സ്വതന്ത്രഅഫ്ഗാൻ’ എന്നു വെള്ള പൂശി അവതരിപ്പിക്കുമ്പോൾ ആ മൂടുപടം പൊഴിഞ്ഞു വീഴും.

മറ്റൊരു പത്രത്തിൽ ആണെങ്കിൽ ദൈനംദിന ഉള്ളടക്കത്തിന്മേൽ മാനേജ്‌മെന്റിന് ഇടപെടൽ ഇല്ലെന്ന് പറയാം. എന്നാൽ പാർട്ടി പത്രം പോലെയാണ് മാധ്യമം. മാനേജ്‌മെന്റിന് രുചിക്കാത്ത ഒന്നും അതിൽ വരില്ല.

കേരളത്തിൽ വളർന്ന് വരുന്ന മതവാദത്തെ, ഏത് തരമായാലും, ഭീതിയോടെ മാത്രമേ കാണാനാകൂ. മതേതര സമൂഹം ഇത് പുച്ഛത്തോടെ തള്ളിക്കളയും.