പ്രവാചകന് എതിരായ പരാമര്‍ശം; അപമാനഭാരത്താല്‍ തല കുനിക്കേണ്ടി വന്നിരിക്കുന്നു, പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണം: ചെന്നിത്തല

പ്രവാചകന് എതിരായ ബിജെപി വക്താവ് നൂപുര്‍ ശര്‍മയുടെ പരാമര്‍ശം രാജ്യത്തിന്റെ അന്തസ്സ് ഇല്ലാതെയാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അപമാനഭാരത്താല്‍ തലകുനിക്കേണ്ടി വന്നിരിക്കുകയാണ്. പ്രവാചക നിന്ദയ്ക്ക് കാരണമായ പാരമര്‍ശത്തെ കേന്ദ്രം ശക്തമായി അപലപിക്കണമെന്നും നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നൂപുര്‍ ശര്‍മ നടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണ്. മതേതരത്വത്തിന് പേരുകേട്ട നാടാണ് നമ്മുടേത്. ഇപ്പോള്‍ കേരളത്തിലും എന്ത് സംഭവിച്ചാലും ആളുകള്‍ വര്‍ഗീയതയാണ് കാണുന്നത്. വിഷയത്തില്‍ ഇതുവരെ പ്രധാനമന്ത്രി നരേന്ദ്രമോദിയോ വിദേശകാര്യമന്ത്രിയോ ബിജെപി നേതാവിനെതിരെ സംസാരിച്ചിട്ടില്ല. ഇന്ത്യയുടെ പാരമ്പര്യം ഇതല്ല. ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതകളെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇപ്പോള്‍ നടക്കുന്ന വിഷയത്തിന്റെ പേരിലും വര്‍ഗീയമായി ചേരിതിരിവ് ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സാമൂഹ മാധ്യമങ്ങളിലൂടെ അതിനായി പ്രചാരണവും നടത്തുന്നു. ഇതൊരിക്കലും രാജ്യത്തിന് ഗുണകരമല്ല. പല വിദേശരാജ്യങ്ങളിലും ജോലി ചെയ്ത് ജീവിക്കുന്നവരാണ് ഇന്ത്യക്കാര്‍. അവരുടെയെല്ലാം ക്ഷേമം കൂടി കേന്ദ്രസര്‍ക്കാര്‍ കണക്കിലെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബിജെപി വക്താവിന്റെ പരാമര്‍ശത്തിന് എതിരെ നിരവധി വിദേശ രാജ്യങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇറാന്‍, ഇറാഖ്, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, യുഎഇ, ജോര്‍ദാന്‍, ബെഹ്റൈന്‍, മാലിദ്വീപ്, ലിബിയ, ഇന്‍ഡോനേഷ്യ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് അതൃപ്തി അറിയിച്ച് രംഗത്തെത്തിയത്.

പ്രതിഷേധം അറിയിച്ച രാജ്യങ്ങളെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം. ഈ രാജ്യങ്ങളുമായി കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചര്‍ച്ച നടത്തും. ഇന്ത്യയുടെ നിലപാടില്‍ കൂടുതല്‍ വ്യക്തത വരുത്തുതിന് വേണ്ടിയാണ് വിദേശകാര്യ മന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെടുന്നത്. വ്യക്തികള്‍ നടത്തിയ പ്രസ്താവനയുടെ ബാധ്യത രാജ്യത്തിനില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

വിവാദ പരാമര്‍ശത്തിന് പിന്നാലെ നൂപൂറിനെ ബി.ജെ.പി ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കിയിരുന്നു. പരാമര്‍ശം വിവാദമായതോടെ നുപുര്‍ ശര്‍മ്മ മാപ്പ് പറഞ്ഞു. പരാമര്‍ശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ നിരുപാധികമായി പിന്‍വലിക്കുന്നു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്നും അവര്‍ അറിയിച്ചു.