കെ.എസ്.ആര്‍.ടി.സിയില്‍ റെക്കോഡ് വരുമാനം; തച്ചങ്കരിയുടെ കളക്ഷന്‍ നേട്ടം മറികടന്നു

കെഎസ്ആര്‍ടിസിയില്‍ വരുമാനത്തില്‍ റെക്കോഡ് വര്‍ദ്ധന. ഈ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമാണ് കഴിഞ്ഞ മാസം കോര്‍പ്പറേഷന്‍ നേടിയത്. 189 കോടി 84 ലക്ഷം രൂപയുടെ റെക്കോഡ് വരുമാനമാണ് ഏപ്രിലില്‍ നേടിയത്. ടോമിന്‍ ജെ തച്ചങ്കരിയെ എംഡി സ്ഥാനത്തു നിന്ന് മാറ്റിയ ശേഷം ആദ്യമായാണ് കെഎസ്ആര്‍ടിസി ചരിത്രനേട്ടം കൈവരിക്കുന്നത്.

ജനുവരിയില്‍ ടോമിന്‍ ജെ തച്ചങ്കരി സ്ഥാനമൊഴിയുമ്പോള്‍ വരുമാനം 189 കോടി 71 ലക്ഷം രൂപയായിരുന്നു. ശബരിമല സീസണ്‍ അവസാനിച്ചതോടെ ഫെബ്രുവരിയിലും, മാര്‍ച്ചിലും വരുമാനം കുത്തനെ കുറഞ്ഞു. എന്നാല്‍ കഴിഞ്ഞ മാസത്തെ വരുമാനം പ്രതീക്ഷ നല്‍കുന്നതാണെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. 189 കോടി 84 ലക്ഷം രൂപ. ശബരിമല കളക്ഷനും 31 ദിവസവും ഉണ്ടായിരുന്ന ജനുവരിയിലെ വരുമാനമാണ് 30 ദിവസം മാത്രമുള്ള ഏപ്രിലില്‍ മറികടന്നത്.

കെഎസ്ആര്‍ടിസിയുടെ വരുമാന വര്‍ദ്ധന ഇങ്ങിനെ

ഏപ്രില്‍ – 189.84 കോടി രൂപ

മാര്‍ച്ച്- 183.68 കോടി രൂപ

ഫെബ്രുവരി -168.58 കോടി രൂപ

ജനുവരി -189.71 കോടി രൂപ