ആദിവാസി യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം; സിബിഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്ത് പൊലീസ് മേധാവി

വയനാട് കല്‍പ്പറ്റയില്‍ പൊലീസ് കസ്റ്റഡിയില്‍ ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ശിപാര്‍ശ. ആദിവാസി യുവാവ് ഗോകുലിന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ച് ആദിവാസി സംഘടനകള്‍ സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്ന് ക്രൈം ബ്രാഞ്ചായിരുന്നു കേസില്‍ അന്വേഷണം നടത്തിയിരുന്നത്.

ഗോകുലിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് പൊലീസ് മേധാവി ശിപാര്‍ശ നല്‍കിയത്. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ കുളത്തൂര്‍ ജയ്സിംഗിന് ആഭ്യന്തരവകുപ്പ് നല്‍കിയ വിവരവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സംസ്ഥാന പൊലീസ് മേധാവി ഗോകുലിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്ത് കത്ത് നല്‍കിയെന്നാണ് ജയ്‌സിംഗിന് ലഭിച്ച മറുപടിയില്‍ പറയുന്നത്. ഗോകുലിന്റെ അസ്വാഭാവിക മരണത്തില്‍ നീതിപൂര്‍വ്വമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കിയിരുന്നു.

Read more

ഇതോടൊപ്പം തന്നെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയേയും കുടുംബം സമീപിച്ചിരുന്നു. നിലവില്‍ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. സുഹൃത്തായ പെണ്‍കുട്ടിയോടൊപ്പം കോഴിക്കോട്ടുനിന്ന് കസ്റ്റഡിയില്‍ എടുത്ത ഗോകുലിനെ കല്‍പ്പറ്റ പൊലീസ് സ്റ്റേഷന്റെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.