സില്‍വര്‍ലൈനിനായി വീട് വിട്ടു നല്‍കാന്‍ തയ്യാര്‍; മറുപടിയുമായി സജി ചെറിയാന്‍

മന്ത്രിയുടെ വീട് സംരക്ഷിക്കാന്‍ സില്‍വര്‍ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റിയെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആരോപണത്തിന് മറുപടിയുമായി സജി ചെറിയാന്‍. പദ്ധതി തന്റെ വീടു വഴിയാണെങ്കില്‍ അതിന് വേണ്ടി വീടി വിട്ടു നല്‍കാന്‍ തയ്യാറാണ്. തിരുവഞ്ചൂരിന് കഴിയുമെങ്കില്‍ തന്റെ വീട്ടിലൂടെ അലൈന്‍മെന്റ് കൊണ്ട് വരണമെന്നും മന്ത്രി പറഞ്ഞു.

സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഇതുവരെ അലൈന്‍മെന്റ് ആയിട്ടില്ല. മധ്യകേരളത്തിലെ രാഷ്ട്രീയ സ്വാധീനം തിരിച്ചുപിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ ആരോപണം. മധ്യകേരളത്തിലെ പ്രധാന നേതാവായതിനാലാണ് തന്നെ വേട്ടയാടുന്നതെന്നും മന്ത്രി പറഞ്ഞു.

ചെങ്ങന്നൂരിലുള്ള സജി ചെറിയാന്റെ വീട് സംരക്ഷിക്കാന്‍ വേണ്ടി അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്നായിരുന്നു തിരുവഞ്ചൂരിന്റെ ആരോപണം. ഈ മാറ്റത്തിന്റെ ഗുണം ആര്‍ക്ക് ലഭിച്ചുവെന്ന് മന്ത്രി മറുപടി പറയണം എന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടിരുന്നു.

സജി ചെറിയാന്റെ പ്രതികരണത്തിന് പിന്നാലെ തിരുവഞ്ചൂര്‍ വീണ്ടും രംഗത്തെത്തി. സജി ചെറിയാന്‍ വിറളി പിടിക്കണ്ട. സില്‍വര്‍ലൈന്‍ അലൈന്‍മെന്റ് മാറ്റിയെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നു. കെ.റെയില്‍ എംഡിയോടാണ് മറുപടി ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു.