ബലാത്സംഗ കേസിൽ റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളി അറസ്റ്റിൽ. തൃക്കാക്കര പൊലീസാണ് വേടനെ അറസ്റ്റ് ചെയ്തത്. വേടനെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം ലഭിച്ച പശ്ചാത്തലത്തിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.
തുടർച്ചയായ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് തൃക്കാക്കര പൊലീസ് വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വേടനെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ വേടനെ വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയക്കും.
ഇന്നലെ അഞ്ച് മണിക്കൂറിലേറെ വേടനെ തൃക്കാക്കര പൊലീസ് ചോദ്യം ചെയ്തിരുന്നു. കേസുകൾ തീർന്നതിന് ശേഷം തനിക്ക് ചിലത് പറയാനുണ്ടെന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ വേടന്റെ പ്രതികരണം. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ ഇപ്പോൾ ഒന്നും പറയാൻ പാടില്ലെന്നും ഈ കേസുകൾ പൂർണമായും തീരട്ടെ എന്നിട്ട് എനിക്ക് എന്റെ ഭാഗം പറയാൻ ഉണ്ടാകുമല്ലോ അത് എന്തായാലും പറയും എന്നും വേടൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതിനിടെ പീഡന ആരോപണങ്ങള്‍ക്കിടെ റാപ്പര്‍ വേടന് പത്തനംതിട്ട കോന്നിയില്‍ സംഗീത പരിപാടിക്കായി എത്തിയിരുന്നു. താന്‍ എവിടെയും പോയിട്ടില്ലെന്ന് വേടന് പരിപാടിക്കിടെ പറഞ്ഞു. എന്റെ ജീവിതം ജനങ്ങളുടെ മുന്നിൽ ജീവിച്ചുമരിക്കാൻ തന്നെയാണ് വന്നിരിക്കുന്നതെന്നും വേടൻ കൂട്ടിച്ചേർത്തു. ‘ഒരുപാട് ആളുകള്‍ വിചാരിക്കുന്നത് വേടന് എവിടെയോ പോയി എന്നാണ്. ഒരു കലാകാരന് ഒരിക്കലും എവിടെയും പോകുന്നില്ല. ഞാനെന്റെ ഈ ഒറ്റ ജീവിതം ജനങ്ങളുടെ മുന്നില്‍ ജീവിച്ചുമരിക്കാന്‍ തന്നെയാണ് വന്നിരിക്കുന്നത്’- എന്നാണ് വേടന് പറഞ്ഞത്.







