ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. താൽക്കാലത്തേക്കാണ് അറസ്റ്റ് തടഞ്ഞത്. കേസിൽ വിശദമായ വാദം കേൾക്കാൻ ഈ മാസം പതിനഞ്ചാം തിയ്യതിയിലേക്ക് മാറ്റി. അതുവരെ അറസ്റ്റ് പാടില്ലെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. 15 ന് മുൻകൂർജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.

തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഡയറി ഹാജരാക്കാനും കോടതി നിര്‍ദേശം നൽകിയിട്ടുണ്ട്.  ഇന്നലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. പരാതി രാഷ്ട്രീയപ്രേരിതമെന്നും അറസ്റ്റ് തടയണമെന്നുമായിരുന്നു രാഹുലിന്റെ വാദം. രാഹുലിന് വേണ്ടി അഡ്വക്കേറ്റ് എസ് രാജീവാണ് ഹാജരായത്.

‘പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്’; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

തനിക്കെതിരായ ബലാത്സംഗ കേസ് തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ചതാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിലാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പരാതിക്കാരി പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല എന്നിങ്ങനെയാണ് രാഹുലിന്‍റെ ഹര്‍ജിയിലെ വാദങ്ങള്‍.

ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ല, പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, യുവതി മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്, കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല എന്നിങ്ങനെയാണ് രാഹുലിന്‍റെ ഹര്‍ജിയിലെ വാദങ്ങള്‍. ഉഭയകക്ഷി സമ്മത പ്രകാരമാണ് പരാതിക്കാരിയുമായുള്ള ബന്ധമെന്നാണ് രാഹുൽ ഹര്‍‌ജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

വര്‍ഷങ്ങളോളം നീണ്ടുനിന്ന ബന്ധം തകര്‍‌ന്നപ്പോള്‍ ബലാത്സംഗ കേസാണ് മാറ്റിയതാണെന്നും ഹര്‍ജിയിൽ ആരോപിക്കുന്നു. താനൊരു രാഷ്ട്രീയ നേതാവായത് കൊണ്ട് തിരഞ്ഞെടുപ്പ് കാലത്ത് തന്നെ കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസാണിതെന്നും രാഹുൽ ഹൈക്കോടതിയെ അറിയിക്കുന്നു. 2025 നവംബറിലാണ് പരാതി നൽകിയതെന്നും പരാതി നൽകാനുണ്ടായ കാലതാമസം ദുരൂഹമാണെന്നും ഹര്‍ജിയിൽ പറയുന്നു.

Read more