രഞ്ജിത്ത് വധക്കേസ്: രണ്ട് മുഖ്യപ്രതികള്‍ കൂടി പിടിയില്‍

ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. മുഖ്യസൂത്രധാരകരായ  മണ്ണഞ്ചേരി സ്വദേശി പൂവത്തില്‍ ഷാജി (47), മണ്ണഞ്ചേരി പൊന്നാട് സ്വദേശി നഹാസ് (31) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ ആകെ പിടിയിലായവരുടെ എണ്ണം 18 ആയി. കേസില്‍ ഇനിയും കൂടുതല്‍ പേരുടെ അറസ്റ്റ് രേഖപ്പെടുത്താനുണ്ട്.

എസ്ഡിപിഐ ആലപ്പുഴ മണ്ഡലം വൈസ് പ്രസിഡന്റാണ് പിടിയലായ ഷാജി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി ജയ്‌ദേവ് നിയമിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. രഞ്ജിത്ത് വധക്കേസില്‍ നേരിട്ട് പങ്കുള്ളവരെയും ഗൂഢാലോചനയില്‍ പങ്കുള്ളവരെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഡിസംബര്‍ 19 ന് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ഒബിസി മോര്‍ച്ചാ നേതാവ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. പ്രഭാത സവാരിക്കിറങ്ങിയ രഞ്ജിത്തിനെ അടിച്ച് വീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പ്രതികള്‍ക്ക് പുറത്തു നിന്നുള്ള സഹായം ലഭിക്കുന്നതായി പൊലീസ് സംശയിച്ചിരുന്നു. അതിനാല്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നു.

ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിന്റെ കൊലപാതകത്തിന് ശേഷം മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് രഞ്ജിത്തിന്റെ കൊലപാതകം നടന്നത്.