രഞ്ജിത്ത് വധക്കേസ്: കൂടുതല്‍ അറസ്റ്റ് ഉടന്‍, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

ആലപ്പുഴയില്‍ ഒബിസി മോര്‍ച്ചാ നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് സൂചന. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നലെ പിടിയിലായ പ്രതികളില്‍ നിന്ന് കൂടുതല്‍ പേരുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചട്ടുണ്ട്.

രഞ്ജിത്ത് കൊലപാതകത്തില്‍ ഇന്നലെ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. ആലപ്പുഴ വെള്ളക്കിണര്‍ സ്വദേശികളായ അനൂപ്, അഷ്റഫ്, റസീബ് എന്നിവരാണ് പൊലീസ് പിടിയിലായത്. നേരിട്ട് പങ്കെടുത്ത രണ്ട് പേര്‍ ഉള്‍പ്പടെയാണിത്. അനൂപ്, അഫ്‌റഫ് എന്നിവരെ ബെംഗളുരുവില്‍ നിന്നും റസീബിനെ ആലപ്പുഴയില്‍ നിന്നുമാണ് അന്വേഷണ സംഘം പിടികൂടിയത്. കൊലപാതകത്തില്‍ ആകെ 12 പേരാണ് നേരിട്ട് പങ്കെടുത്തത്. നിലവില്‍ എസ്ഡിപിഐ നേതാക്കള്‍ ഉള്‍പ്പടെ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

ഡിസംബര്‍ 19 ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്കാണ് ആലപ്പുഴ വെള്ളക്കിണറില്‍ ബിജെപി നേതാവും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസിനെ ഒരു സംഘം ആക്രമികള്‍ വെട്ടിക്കൊന്നത്. പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു രഞ്ജിത്ത്. ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിനെയും ഒരുസംഘം വെട്ടിക്കൊന്നിരുന്നു. ഷാന്‍ വധക്കേസില്‍ ഇതുവരെ 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.