രമ്യ ഹരിദാസിന്റെ ഫ്‌ളക്‌സുകള്‍ തീവെച്ച് നശിപ്പിച്ചു, പൊലീസിൽ പരാതി നൽകി യുഡിഎഫ്

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ ഫ്‌ളക്‌സ് കത്തിച്ചെന്ന് പരാതി. കിഴക്കഞ്ചേരി കുണ്ടുകാട്ടിലാണ് രമ്യ ഹരിദാസിന്റെ ഫ്‌ളക്‌സ് കത്തിച്ചത്. സംഭവത്തില്‍ വടക്കഞ്ചേരി പൊലീസിന് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി പരാതി നല്‍കി.

വടക്കഞ്ചേരി കുണ്ടുകാട് സ്ഥാപിച്ചിരുന്ന രമ്യ ഹരിദാസിന്റെ പ്രചരണ ബോർഡ് ഇന്ന് രാവിലെയാണ് കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്. ആരാണ് ബോർഡ് കത്തിച്ചതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ യുഡിഎഫ് പ്രവര്‍ത്തകര്‍ വടക്കാഞ്ചേരി പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

അതേസമയം ഇന്നലെ രമ്യാ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംഘർഷം ഉണ്ടായിരുന്നു. യുഡിഎഫ് എരുമപ്പെട്ടി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിടെയാണ് സംഘർഷമുണ്ടായത്. തിരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണത്തിൻ്റെ ഭാഗമായുള്ള ലിസ്റ്റ് വായിക്കുന്നതിനിടെയാണ് നേതാക്കൾ തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായത്.

കൂടിയാലോചന നടത്താതെയാണ് ലിസ്റ്റ് തയ്യാറാക്കിയതെന്നും ഇത് പ്രഖ്യാപിക്കുവാൻ അനുവദിക്കില്ലെന്നും പറഞ്ഞ് ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് സംഘർഷം തുടങ്ങിയത്. പേരുകൾ രേഖപ്പെടുത്തിയ കടലാസ് പ്രതിഷേധക്കാർ ബലമായി പിടിച്ചു വാങ്ങി ചുരുട്ടിയെറിഞ്ഞു. കൺവെൻഷൻ്റെ ഉദ്ഘാടകനായി എത്തിയ കെപിസിസി സെക്രട്ടറി ജോൺ ഡാനിയലിൻ്റെ സാന്നിധ്യത്തിലാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. പിന്നീട് നേതാക്കൾ ഇടപ്പെട്ട് ഇരു കൂട്ടരെയും അനുനയിപ്പിച്ച ശേഷമാണ് ലിസ്റ്റ് അവതരിപ്പിച്ചത്.