കൊടകര കേസ് ഒത്തുതീർപ്പിന് പിന്നിൽ എൽ.ഡി.എഫ്- എൻ.ഡി.എ കൂട്ടുകെട്ട്; 69 മണ്ഡലങ്ങളിൽ ബി.ജെ.പി വോട്ട് മറിച്ചെന്ന് രമേശ് ചെന്നിത്തല

കൊടകര കേസ് ഒത്തുതീർപ്പിന് പിന്നിൽ എൽ ഡി എഫ്- എൻ ഡി എ കൂട്ടുകെട്ട്; നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയെന്ന് രമേശ് ചെന്നിത്തല

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കളാരും പ്രതികളാകില്ലെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. തിരഞ്ഞെടുപ്പ് കാലം മുതൽ ആരംഭിച്ച എൽ ഡി എഫ്- എൻ ഡി എ കൂട്ടുകെട്ടിന്‍റെ ഭാ​ഗമായാണ് ഇപ്പോൾ കേസ് ഒത്തുതീർപ്പിലെത്തിക്കാനുള്ള ശ്രമമെന്ന് ചെന്നിത്തല ആരോപിച്ചു. ഇത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ഒരു കാരണവശാലും ഇത് അം​ഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

69 നിയോജക മണ്ഡലങ്ങളിലാണ് ബി ജെ പിയുടെ വോട്ട് സി പി എമ്മിനും എൽ ഡി എഫിനും മറിച്ചു നൽകിയത്. എൻ ഡി എയിലെ മറ്റ് ഘടകക്ഷികളുടെ വോട്ടും മറിച്ചു നൽകിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

കെ സുരേന്ദ്രൻ ഉൾപ്പടെ ബി ജെ പി നേതാക്കൾ ആരേയും പ്രതികളാക്കേണ്ടയെന്നാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. നേതാക്കളെ സാക്ഷികളാക്കണമോയെന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.ആകെ 22 പ്രതികളുള്ള കേസിൽ കുറ്റപത്രം ജൂലായ് 24ന് സമർപ്പിക്കുമെന്നാണ് റിപ്പോർട്ട് . ഇരിങ്ങാലക്കുട കോടതിക്ക് മുമ്പാകെയാണ് കുറ്റപത്രം സമർപ്പിക്കുക. ബിജെപി നേതാക്കളുടെ മൊഴികൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തും. കേസുമായി ബന്ധപ്പെട്ട് 19 ബിജെപി നേതാക്കളെയാണ് ഇതുവരെ ചോദ്യം ചെയ്തത്. എന്നാൽ ഇവരിൽ ഒരാൾ പോലും കേസിൽ പ്രതിയാകില്ല. ഒരു കേന്ദ്ര ഏജൻസി കേസ് അന്വേഷിക്കണമെന്നും കുറ്റപത്രത്തിൽ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.