'ഗുജറാത്ത് മനുഷ്യത്വവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നാട്'; നേമത്തെ ഗുജറാത്തെന്ന് വിളിച്ചത് അവിടുത്തെ ജനങ്ങള്‍ക്ക് അപമാനമെന്ന് ചെന്നിത്തല

നേമം മണ്ഡലം കേരളത്തിലെ ബിജെപിയുടെ ഗുജറാത്ത് ആണെന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേമത്തെ ഗുജറാത്തെന്ന് വിളിക്കുന്നത് അവിടുത്തെ ജനങ്ങള്‍ക്ക് അപമാനമാണെന്നും മനുഷ്യത്വവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നാടാണ് ഗുജറാത്തെന്നും രമേശ് ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

“ഗുജറാത്തിലാണ് എല്ലാ തരത്തിലുള്ള ഇന്‍ഹ്യൂമന്‍ ആക്ടിവിറ്റീസും (മനുഷ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും) നടക്കുന്നത്. അങ്ങനെയുള്ള ഗുജറാത്തിനെ നേമവുമായി താരതമ്യം ചെയ്തത് നേമത്തെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്”- രമേശ് ചെന്നിത്തല പറഞ്ഞു.

നേമം ഇത്തവണ എന്തായാലും പിടിച്ചെടുക്കുമെന്നുള്ള നിശ്ചയദാര്‍ഢ്യത്തോടെയാണ് യു.ഡി.എഫ് മുന്നോട്ട് പോകുന്നതെന്ന് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫിന് നല്ല വിജയപ്രതീക്ഷയുണ്ടെന്നും അത് ഈ തിരഞ്ഞെടുപ്പില്‍ തെളിയിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കെ.വി തോമസ്‌ സമുന്നതനായ നേതാവാണെന്നും അദ്ദേഹം പാര്‍ട്ടിയില്‍ തന്നെയുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അദ്ദേഹം തുടര്‍ന്നും പാര്‍ട്ടിയില്‍ ഉണ്ടാകുമെന്നതില്‍ സംശയവുമില്ല. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണെന്നും ആര്‍ക്ക് എന്ത് പരാതിയുണ്ടായാലും ചര്‍ച്ച ചെയ്യുമെന്നും കെ.വി തോമസിന്റെ കാര്യങ്ങളെ സംബന്ധിച്ച്‌ ഒരു പ്രശ്‌നവുമില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.