നിയമസഭ ഉടനെ വിളിച്ചാൽ എങ്ങനെ 14 ദിവസം മുമ്പ് നോട്ടീസ് നൽകും; സ്പീക്കർക്ക് മറുപടിയുമായി ചെന്നിത്തല

ഓ​ഗസ്റ്റ് 24 നിയമസഭാ സമ്മേളനം ചേരുമ്പോൾ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പരി​ഗണിക്കില്ലെന്നു പറഞ്ഞ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് മറുപടിയുമായി രമേശ് ചെന്നിത്തല രം​ഗത്ത്. നിയമസഭ വിളിച്ചുചേർക്കാൻ 15 ദിവസം മുമ്പ് നോട്ടീസ് വേണം. ഇതില്ലെങ്കിൽ എങ്ങനെ അവിശ്വാസപ്രമേയത്തിന് 14 ദിവസം മുമ്പ് നോട്ടീസ് നൽകുമെന്ന് ചെന്നിത്തല ചോദിച്ചു.

24-ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ തനിക്കെതിരെ പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നാലും പരിഗണിക്കാനാകില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞിരുന്നു.

സ്പീക്കർക്കെതിരെ പ്രമേയം കൊണ്ടു വരണമെങ്കിൽ സമ്മേളനത്തിന്റ വിജ്ഞാപനം ഇറങ്ങി പതിനാല് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നാണ് ചട്ടം. അത് പാലിക്കാത്ത നോട്ടീസ് പരിഗണിക്കാനാകില്ല. സർക്കാരിനെതിരെയോ സ്പീക്കർക്കെതിരെയോ ഇതുവരെ അവിശ്വാസത്തിന് നോട്ടീസ് കിട്ടിയിട്ടില്ലെന്നാണ് സ്പീക്കർ തിരുവനന്തപുരത്ത് പറഞ്ഞത്.

അതേസമയം, സഭ ടിവിയുടെ ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്കരിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.