'ഞാന്‍ ഈ പാര്‍ട്ടിയിലെ നാലണ മെമ്പറാണ് ഇപ്പോള്‍‌, ഉമ്മന്‍ചാണ്ടിയെ മാറ്റി നിർത്താൻ ആർക്കും കഴിയില്ല'; നേതൃത്വത്തിന് എതിരെ രമേശ് ചെന്നിത്തല 

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി  രമേശ് ചെന്നിത്തല. തന്നോട് കൂടിയാലോചിച്ചില്ലെങ്കിലും ഉമ്മന്‍ചാണ്ടിയോട് സംഘടനാപരമായി തന്നെ ആലോചിക്കാനുള്ള ബാദ്ധ്യത എല്ലാവര്‍ക്കുമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. ഇത് റിലേ ഓട്ട മത്സരമൊന്നുമല്ല. എല്ലാവരും കൂടി ഒരുമിച്ച് നിന്ന് പോരാടേണ്ട സന്ദര്‍ഭത്തില്‍ യോജിപ്പിന്‍റെ പാത തുറക്കുക എന്നതാണ് നേതൃത്വത്തിന്‍റെ ഉത്തരവാദിത്വമെന്നും രമേശ ് ചെന്നിത്തല വിമർശിച്ചു. കോട്ടയം ഡിസിസി അദ്ധ്യക്ഷന്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

“എന്നോടൊന്നും ആലോചിക്കണമെന്ന് ഞാന്‍ പറയില്ല. ഞാനീ പാര്‍ട്ടിയിലെ നാലണ മെമ്പറാണിപ്പോള്‍‌. ഉമ്മന്‍ചാണ്ടി അതുപോലെയല്ല. എഐസിസി ജനറല്‍ സെക്രട്ടറിയാണ്, വര്‍ക്കിംഗ് കമ്മിറ്റി മെമ്പറാണ്. ഞാന്‍ ഈ പ്രസ്ഥാനമില്ലാത്തയാളാണ്. ഉമ്മന്‍ചാണ്ടിയോട് സംഘടനാപരമായി തന്നെ ആലോചിക്കാനുള്ള ബാദ്ധ്യത എല്ലാവര്‍ക്കുമുണ്ട്. പ്രായത്തിന്‍റെ കാര്യം പറഞ്ഞ് മാറ്റി നിർത്തേണ്ട. തനിക്ക് 64 വയസേയുള്ളൂ. ഉമ്മൻചാണ്ടിയെ മാറ്റിനിർത്താൻ ആർക്കും കഴിയില്ല. കോണ്‍ഗ്രസിനെ ഒന്നിച്ചു നിര്‍ത്തുക എന്ന ഉത്തരവാദിത്വമാണ് നമുക്ക് എല്ലാവര്‍ക്കുമുള്ളത്”- ചെന്നിത്തല പറഞ്ഞു.

താനും ഉമ്മൻചാണ്ടിയും കോൺഗ്രസിനെ നയിച്ച 17 വർഷക്കാലം വലിയ നേട്ടം കൈവരിച്ചു. അധികാരം കിട്ടിയപ്പോള്‍ താന്‍ ധാർഷ്ട്യം കാട്ടിയിട്ടില്ല. ഇഷ്ടമില്ലാത്തവരെ പോലും ഒരുമിച്ച് കൊണ്ടുപോയി. അഹങ്കാരത്തോടെ പ്രവർത്തിച്ചിട്ടില്ല. അച്ചടക്കത്തെ കുറിച്ച് സംസാരിക്കുന്നതിൽ സന്തോഷം. മുൻകാല പ്രാബല്യം പരിശോധിച്ചാൽ ഇവരാരും പാർട്ടിയിലുണ്ടാകില്ലെന്നും ചെന്നിത്തല തുറന്നടിച്ചു.

“കോൺഗ്രസിൽ ചില പ്രശ്നങ്ങൾ ഉണ്ട് എന്നത് യാഥാർത്ഥ്യമാണ്. ഇല്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. 17 വർഷം ഞാനും ഉമ്മൻചാണ്ടിയും കോൺഗ്രസിനെ നയിച്ചു. ഞാൻ കെപിസിസി പ്രസിഡന്‍റും ഉമ്മൻചാണ്ടി പാർലമെന്‍ററി പാർട്ടി നേതാവുമായി. ആ കാലയളവിൽ വലിയ വിജയമാണ് കോൺഗ്രസിന് തിരഞ്ഞെടുപ്പുകളിൽ ഉണ്ടായത്. ത്യാഗോജ്വലമായ പ്രവർത്തനം ആണ് അന്ന് നടന്നത്. അത്ഭുതകരമായ തിരിച്ചുവരവാണ് അന്ന് കോൺഗ്രസ് നടത്തിയത്. കെ കരുണാകരനും കെ മുരളീധരനും പാർട്ടിയിൽ പിന്നീട് തിരിച്ചു വന്നു”- ചെന്നിത്തല പറഞ്ഞു.