ചാലക്കുടി രാജീവ് വധക്കേസ്; അഡ്വ. സി പി ഉദയഭാനുവിന് ഇടക്കാല ജാമ്യം

ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതിയും മുതിർന്ന അഭിഭാഷകനുമായ അഡ്വ. സി.പി. ഉദയഭാനുവിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് ഉദയഭാനുവിനു മൂന്നു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ഭാര്യപിതാവിന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

റിമാൻഡിൽ കഴിയുന്ന ഉദയഭാനു വ്യാഴാഴ്ച രാവിലെ ചാലക്കുടി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരായി ജാമ്യം എടുക്കണം എന്നും വ്യവസ്ഥയുണ്ട്. 17ന് രാവിലെ തിരികെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാകണം. ഒരു ലക്ഷം രൂപയും തുല്യ തുകയ്ക്കു രണ്ടാൾ ജാമ്യവുമാണ് കോടതി വ്യവസ്ഥ ചെയ്തിരിക്കുന്നത്.

റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ രാജീവിന്‍റെ മരണത്തില്‍ ഗൂഢാലോചനാക്കുറ്റമാണ് ഉദയഭാനുവിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. നേരത്തെ ഉദയഭാനുവിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യം നല്‍കിയാല്‍ കേസിന്‍റെ അന്വേഷണത്തെ ബാധിക്കുമെന്ന പോലീസിന്‍റെ വാദം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്.