രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്ലസ് ടു വിദ്യാര്‍ത്ഥിനി; ചോക്ളേറ്റ് നല്‍കി രാഹുലിന്റെ അഭിനന്ദനം

വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്ലസ് ടു വിദ്യാര്‍ത്ഥിനി സഫ സെബിന്‍. കരുവാരക്കുണ്ട് ഹൈസ്‌കൂളിലെ സയന്‍സ് ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഇതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് സഫ സെബിന്‍. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത്.

സ്ക്കൂളിലെ സയന്‍സ് ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് വന്ന രാഹുല്‍ ഗാന്ധി വേദിയില്‍ കയറിയതിന് ശേഷമാണ് തന്റെ പ്രസംഗം പരിഭാഷ ചെയ്യാന്‍ വിദ്യാര്‍ഥികളോട് സഹായം ചോദിച്ചത്. പൊടുന്നനെ സദസ്സിലുണ്ടായിരുന്ന പ്ലസ് ടു വിദ്യാർഥിനി സഫ താന്‍ പരിഭാഷ ചെയ്യാന്‍ തയാറാണെന്ന് ആംഗ്യം കാണിച്ചതോടെ രാഹുല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ച് വേദിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. രാഹുല്‍ഗാന്ധിയുടെ പ്രസംഗം തര്‍ജ്ജമ ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സഫ സെബിന്‍ മാധ്യമങ്ങളോട് പറഞ്ഞു.വലിയ അവസരമാണ് തനിക്ക് ലഭിച്ചതെന്നും പ്രസംഗം പരിഭാഷപ്പെടുത്തിയത് നന്നായെന്ന് രാഹുല്‍ഗാന്ധി തന്നോട് പറഞ്ഞതായും സഫ വ്യക്തമാക്കി.രാഹുല്‍ ഗാന്ധിയെ കാണാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നെന്നും ഇപ്പോള്‍ അത് നടന്നെന്നും സഫ പറഞ്ഞു.മികച്ച പരിഭാഷ നിര്‍വ്വഹിച്ച സഫക്ക് രാഹുല്‍ ചോക്ളേറ്റ് നല്‍കി നന്ദിയും രേഖപ്പെടുത്തി.

ഇന്ന് മലപ്പുറത്ത് രണ്ടു പരിപാടികളിലാണ് രാഹുല്‍ഗാന്ധി പങ്കെടുക്കുന്നത്. വയനാട്ടിലെ സര്‍വ്വജന സ്‌കൂളില്‍ പാമ്പുകടിയേറ്റു മരിച്ച ഷെഹ്ല ഷെറിന്റെ വീടും സര്‍വജന സ്‌കൂളും രാഹുല്‍ ഗാന്ധി നാളെ സന്ദര്‍ശിക്കും.