രാഹുല്‍ മാങ്കൂട്ടത്തില്‍ അടുത്ത സുഹൃത്ത് എന്ന് നടി; പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസ് നീക്കം

യുവതി നല്‍കിയ പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് തിരുവനന്തപുരം സെഷന്‍സ് കോടതി പരിഗണിക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്ത ഏഴാം ദിവസവും രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ കഴിയുകയാണ്. പൊലീസിന് ഇതുവരെ രാഹുലിനെ കണ്ടെത്താനായിട്ടില്ല.

രാഹുല്‍ പാലക്കാട്ട് നിന്ന് മുങ്ങാന്‍ ഉപയോഗിച്ച കാറിന്റെ ഉടമയായ നടിയില്‍ നിന്നും പൊലീസ് വിവരങ്ങള്‍ തേടി. രാഹുലുമായി അടുത്ത സൗഹൃദമുണ്ടെന്ന് നടി പൊലീസിനെ അറിയിച്ചു. നടിയുടെ ചുവന്ന കാര്‍ ആണ് രാഹുല്‍ രക്ഷപ്പെടാനായി ഉപയോഗിച്ചത് എന്നാണ് വിവരം. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ രാഹുലിനെതിരെ നടപടികള്‍ ഉണ്ടായാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതിനെ കുറിച്ച് നേതൃത്വം ആലോചിക്കുന്നുണ്ട്.

വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ പീഡനപരാതി ലഭിച്ചിട്ടുണ്ട്. വിവാഹവാഗ്ദാനം നല്‍കി ഹോം സ്റ്റേയില്‍ എത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തു എന്നാണ് ബംഗളൂരു സ്വദേശിയായ 23കാരിയായ യുവതി പരാതി നല്‍കിയിരിക്കുന്നത്.

Read more

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് ആണ് പരാതി നല്‍കിയത്. ഇന്നലെ ഉച്ചയോടെ ഇമെയിലില്‍ ലഭിച്ച പരാതി അദ്ദേഹം സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. വര്‍ഷങ്ങളായി പരിചയമുള്ള രാഹുല്‍ 2023 സെപ്റ്റംബറില്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയം പുതുക്കുകയും ടെലിഗ്രാമിലൂടെ ബന്ധം സ്ഥാപിക്കുകയുമായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. പരാതിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് രാഹുലിന്റെ വാദം.