ബന്ദിപൂര്‍ ദേശീയപാത രാത്രി യാത്രാനിരോധനം: രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

വയനാട് എംപി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. പ്രളയവും രാത്രി യാത്രാനിരോധനവും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു.വയനാട് ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള യാത്രാനിരോധനം മൂലം ഉണ്ടാകാവുന്ന ബുദ്ധിമുട്ട് മുഖ്യമന്ത്രിയുമായി സംസാരിച്ചു. വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് ദിവസത്തിനകം വയനാട് സന്ദര്‍ശിക്കുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.

രാത്രി യാത്രാനിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംയുക്ത സമരസമിതിയുടെ അനിശ്ചിതകാല നിരാഹാര സമരം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. ദേശീയപാത 766- ലെ രാത്രി യാത്രാനിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംയുക്ത സമരസമിതിയുടെ അനിശ്ചിതകാല നിരാഹാര സമരം ഏഴാം ദിവസവും തുടരുകയാണ്. നിരോധനത്തിനെതിരെ ബത്തേരിയില്‍ വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ആരംഭിച്ച ഉപവാസ സമരത്തിന് പിന്തുണയുമായി വയനാട് എംപി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു

ദേശീയ പാതയില്‍ കഴിഞ്ഞ 10 വര്‍ഷമായി നിലനില്‍ക്കുന്ന രാത്രി യാത്രാനിരോധനത്തിനെതിരെ കേരളം നല്‍കിയ ഹര്‍ജി പരിഗണിക്കവേ പകല്‍കൂടി പാത അടയ്ക്കുന്നതിനെ കുറിച്ച് സുപ്രീം കോടതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ബുധനാഴ്ച മുതല്‍ സംയുക്ത സമരസമിതി സമരം ആരംഭിച്ചത്. നൂറുകണക്കിന് പേരാണ് ദിവസവും സമരപന്തലില്‍ എത്തുന്നത്. കര്‍ഷകരെ അണിനിരത്തി തിങ്കളാഴ്ച സമരക്കാര്‍ ലോംഗ് മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് അഞ്ച് യുവ നേതാക്കളാണ് അനിശ്ചിതകാല നിരാഹാരസമരം നടത്തുന്നത്.

മുഴുവന്‍ സമയവും പാത അടയ്ക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്നും പ്രശ്നം പരിസ്ഥിതിയുടേതാണ്, അതിനെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കരുതെന്നും കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍ പറഞ്ഞു. രാത്രി യാത്രാനിരോധനത്തില്‍ സുപ്രീം കോടതി തീരുമാനം നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു