കോവിഡ് വ്യാപനം; രാഹുൽ ​ഗാന്ധി ബം​ഗാളിലെ തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാവുന്ന സാഹചര്യത്തിൽ ബംഗാളിലെ തിരഞ്ഞെടുപ്പ് റാലികൾ രാഹുൽ ഗാന്ധി റദ്ദാക്കി.

രോഗവ്യാപന പശ്ചാത്തലത്തിലാണ് തന്റെ റാലികൾ റദ്ദാക്കാനുള്ള തീരുമാനമെന്നും രാഹുൽ ഗാന്ധി അറിയിച്ചു. റാലികളുണ്ടാക്കുന്ന പ്രത്യാഘാതം എല്ലാ രാഷ്ട്രീയ നേതാക്കളും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ട്വിറ്ററിലൂടെയാണ് രാഹുൽ ​ഗാന്ധി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അതേസമയം രാജ്യത്ത് വ്യാപനം അതിതീവ്രമാവുകയാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ടര ലക്ഷത്തിലധികം പുതിയ രോഗികളാണ് രാജ്യത്ത് ഉണ്ടായത്.

കഴിഞ്ഞ ദിവസം മാത്രം 2,61,500 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിതരായ 1501 പേർ 24 മണിക്കൂറിനുള്ളിൽ മരണപ്പെട്ടു.

ഇന്നത്തെ കണക്കോടെ രാജ്യത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 18 ലക്ഷം പിന്നിട്ടു. 18,01,316 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ ഇന്ത്യയിലുള്ളത്.