കർഷകർക്ക് ഒപ്പം ആദ്യാവസാനം നിന്നത് കോൺഗ്രസ്, ട്രാക്ടർ റാലി നയിച്ചത് സാക്ഷാൽ രാഹുൽ ഗാന്ധി: കെ. സുധാകരൻ

രാജ്യത്തെ മൂന്ന് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനത്തോട് പ്രതികരിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. കർഷകർക്കൊപ്പം ആദ്യാവസാനം നിന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണെന്നും ട്രാക്റ്റർ റാലി നയിച്ചത് സാക്ഷാൽ രാഹുൽ ഗാന്ധി ആണെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസ് കർഷകരടക്കമുള്ള ഗ്രാമീണ ജനതയ്ക്ക് തണലായി നിൽക്കുമ്പോൾ നരേന്ദ്രമോദിയടക്കമുള്ള ഒരു ഫാസിസ്റ്റിനും ഇന്ത്യയെ തകർക്കാനാവില്ല. സകല യാതനകളും സംഘപരിവാറിന്റെ കുപ്രചാരണങ്ങളും സഹിച്ചാണ് കർഷകർ ആ സമരഭൂവിൽ കഴിഞ്ഞത്. മോദിയെ മുട്ടുകുത്തിച്ച കർഷകർക്കും കോൺഗ്രസിൻ്റെ സമരഭടൻമാർക്കും അഭിവാദ്യങ്ങൾ എന്നും സുധാകരൻ പറഞ്ഞു.

കെ.സുധാകരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

കാർഷിക നിയമങ്ങൾ പിൻവലിക്കാമെന്ന് നരേന്ദ്ര മോദി.

കർഷകർക്കൊപ്പം ആദ്യാവസാനം നിന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്. ട്രാക്റ്റർ റാലി നയിച്ചത് സാക്ഷാൽ രാഹുൽ ഗാന്ധി ആണ്.

സമരഭൂമിയിൽ സഹായഹസ്തവുമായി നിന്നത് ഇന്ത്യൻ യൂത്ത് കോൺഗ്രസിൻ്റെ സമരോത്സുക യൗവ്വനം ബി വി ശ്രീനിവാസും അദ്ദേഹത്തിൻ്റെ ചുണക്കുട്ടികളുമാണ്.

2021 ജനുവരി 14 ന് രാഹുൽ ഗാന്ധി പറഞ്ഞ വാക്കുകൾ കോൺഗ്രസ് വിരുദ്ധത തലച്ചോറിൽ പേറുന്നവരെ ഓർമപ്പെടുത്തുന്നു. “എൻ്റെ വാക്കുകൾ കുറിച്ചു വെച്ചോളൂ … ഈ നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ നിർബന്ധിതമാകും.” ആ വാക്കുകളാണ് ഇപ്പോൾ പ്രാവർത്തികമാകുന്നത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇങ്ങനെ ചിറകുവിരിച്ച്, കർഷകരടക്കമുള്ള ഗ്രാമീണ ജനതയ്ക്ക് തണലായി നിൽക്കുമ്പോൾ നരേന്ദ്രമോദിയടക്കമുള്ള ഒരു ഫാസിസ്റ്റിനും ഇന്ത്യയെ തകർക്കാനാവില്ല.സകല യാതനകളും സംഘപരിവാറിൻ്റെ കുപ്രചാരണങ്ങളും സഹിച്ചാണ് കർഷകർ ആ സമരഭൂവിൽ കഴിഞ്ഞത്. മോദിയെ മുട്ടുകുത്തിച്ച കർഷകർക്കും കോൺഗ്രസിൻ്റെ സമരഭടൻമാർക്കും അഭിവാദ്യങ്ങൾ.