റാഗിംഗ്; പ്ലസ് വണ്‍ വിദ്യാർത്ഥിയുടെ മുടി മുറിച്ച് സീനിയേഴ്‌സ്

കാസര്‍ഗോട് ജില്ലയിലെ ഉപ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുടി മുറിച്ച് റാഗിംഗ്. പ്ലസ് വണ്‍ വിദ്യാർത്ഥിയുടെ മുടി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മുറിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച്ച സ്‌കൂളിന് സമീപത്തുള്ള ഒരു കഫറ്റീരിയയിലായിരുന്നു സംഭവം. ഒരു സംഘം പ്ലസ് ടു വിദ്യാർത്ഥികൾ ചേര്‍ന്ന് ബലമായി പ്ലസ് വണ്‍ വിദ്യാർത്ഥിയുടെ മുടി മുറിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നു. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നാട്ടുകാര്‍ കാര്യങ്ങള്‍ അറിയുന്നത്. സംഭവത്തിന് പിന്നാലെ സ്‌കൂളിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികളുടെ മാതാപിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിന് മുമ്പും ഇവിടെ റാഗിംഗ് നടന്നിട്ടുണ്ട്. പരാതി നല്‍കിയാല്‍ സ്‌കൂള്‍ ഗൗരവത്തോടെ പരിഗണിക്കാറില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.

റാഗിംഗ് നടന്നത് സ്‌കൂളിന് അകത്തല്ല എന്നായിരുന്നു പ്രിന്‍സിപ്പള്‍ പ്രതികരിച്ചത്. സംഭവത്തില്‍ വിദ്യാർത്ഥിയുടെ പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ ഉടന്‍ പൊലീസില്‍ വിവരമറിയിക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. വീഡിയോയില്‍ നിന്നും, മുടി മുറിച്ച് വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞു. ഇവര്‍ വെള്ളിയാഴ്ച സ്‌കൂളില്‍ എത്തിയിട്ടില്ല. ഇവരുടെ രക്ഷിതാക്കളെ വിവരമറിയിച്ചതായും സംഭവത്തില്‍ നടപടി എടുക്കും എന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

ഇവിടുത്തെ സ്‌കൂളില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉപ്പളയ്ക്ക് അടുത്തുള്ള ബേക്കൂര്‍ സ്‌കൂളില്‍ ഒരു കുട്ടിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ചെരിപ്പുകള്‍ കൈയില്‍ തൂക്കി നടത്തിക്കുകയും ഡാന്‍സ് കളിപ്പിക്കുകയും ചെയ്ത സംഭവം ഉണ്ടായതായും ഇവര്‍ പറയുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.