'സീനിയോറിറ്റി പരി​ഗണിക്കപ്പെട്ടില്ല, അച്ചടക്കം പാലിച്ചിട്ടും അവ​ഗണന', ഹൈക്കമാന്റിനെ വിയോജിപ്പ് അറിയിച്ച് രമേശ് ചെന്നിത്തല; നിയമസഭ കക്ഷിയോ​ഗത്തിൽ പങ്കെടുക്കില്ല

ഹൈക്കമാന്റിനെ വിയോജിപ്പ് അറിയിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സീനിയോറിറ്റി പരി​ഗണിക്കപ്പെട്ടില്ലെന്നും അച്ചടക്കം പാലിച്ചിട്ടും അവഗണനയെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. നിയമസഭ കക്ഷിയോ​ഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച ചെന്നിത്തല മന്ത്രിസഭയിൽ ചേരില്ലെന്നും വ്യക്തമാക്കി.

കെ. സി. വേണുഗോപാലിനും വിഡി സതീശനുമൊപ്പം കേരള മുഖ്യമന്ത്രി പദവിയിലേക്ക് അവസാന നിമിഷം വരെ പരി​ഗണിക്കപ്പെട്ട നേതാവാണ് രമേശ് ചെന്നിത്തല. ഒടുവിൽ 11 ദിവസത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ടാണ് ഹൈക്കമാന്റ് വി. ഡി. സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.

കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് ‍ഡൽഹിയിൽ വാർത്താസമ്മേളനം നടത്തി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സത്യപ്രതിജ്ഞ ഞായറാഴ്ചയുണ്ടാവുമെന്നാണു സൂചന. കോൺഗ്രസുകാരനായ അഞ്ചാമത്തെ മുഖ്യമന്ത്രി, മന്ത്രിയാകാതെ നേരിട്ട് മുഖ്യമന്ത്രിയായ വ്യക്തിയെന്ന പ്രത്യേകതയും വി ഡി സതീശനുണ്ട്.

Read more