രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മറ്റു രണ്ട് ലൈംഗിക പീഡന പരാതികള്‍ വന്നതോടെ തന്നെ ഭീഷണിപ്പെടുത്തിയെന്ന് മൂന്നാം പരാതിക്കാരിയായ യുവതി. പരാതിയുമായി മുന്നോട്ടുവരുമെന്ന് കരുതിയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണിപ്പെടുത്തിയത്. മാതാപിതാക്കളെയും സഹോദരിയെയും ഇല്ലാതാക്കുമെന്നുമായിരുന്നു രാഹുലിന്റെ ഭീഷണിയെന്നും പരാതിയില്‍ യുവതി വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ പരാതിയോടെ നിലവില്‍ രാഹുലിനെതിരെ മൂന്നു കേസുകള്‍ ആയി. ആദ്യ കേസില്‍ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാം കേസില്‍ ജനുവരി 21വരെ വിചാരണക്കോടതി രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെയാണ് രാഹുലിനെതിരെ മൂന്നാം പരാതി ലഭിച്ചത്. ഇമെയില്‍ വഴി ലഭിച്ച പരാതി പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറിയതോടെയാണ് നിര്‍ണായക നീക്കത്തിലൂടെ അറസ്റ്റ്.
വിവാഹബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതോടെയാണ് യുവതി രാഹുലിനെ പരിചയപ്പെടുന്നത്. റസ്റ്ററന്റില്‍ വച്ച് കാണാമെന്ന് പറഞ്ഞെങ്കിലും ഹോട്ടല്‍ മുറിയിലെത്താന്‍ രാഹുല്‍ ആവശ്യപ്പെടുകയായിരുന്നു. മുറിയില്‍ എത്തിയപ്പോള്‍ കടന്നുപിടിക്കുകയും ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. കുഞ്ഞുണ്ടാകട്ടെ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ലൈംഗിക പീഡനം. വിവാഹബന്ധം വേര്‍പ്പെടുത്തണമെന്നും താന്‍ വിവാഹം കഴിക്കാമെന്നും രാഹുല്‍ വാഗ്ദാനം ചെയ്തതായും യുവതി പരാതിയില്‍ പറയുന്നു. ഗര്‍ഭിണിയാണെന്ന് അറിയിച്ചപ്പോള്‍ അധിക്ഷേപിച്ചുവെന്നും ഗര്‍ഭച്ഛിദ്രത്തിന് രാഹുലിന്റെ ഭാഗത്തുനിന്ന് കടുത്ത സമ്മര്‍ദമുണ്ടായെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്. നേരിട്ടത് ക്രൂരമായ ലൈംഗിക ആക്രമണമെന്നാണ് പരാതിയില്‍ പറയുന്നത്. മുഖത്തടിക്കുകയും ദേഹമാകെ മുറിവുണ്ടാക്കുകയും ചെയ്തു. ഗര്‍ഭിണിയായ വിവരം അറിയിച്ചപ്പോള്‍ അസഭ്യം പറഞ്ഞു. മറ്റാരുടെയെങ്കിലും കുഞ്ഞാകുമെന്നായിരുന്നു രാഹുലിന്റെ മറുപടി. ഡിഎന്‍എ പരിശോധനയ്ക്കു തയാറാണെന്ന് യുവതി അറിയിച്ചെങ്കിലും രാഹുല്‍ തയാറായില്ല. എന്നാല്‍ അതിനുള്ള തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഗര്‍ഭച്ഛിദ്രത്തിനു കടുത്ത സമ്മര്‍ദമാണ് രാഹുലിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. പിന്നീട് ഗര്‍ഭം അലസി. ഇക്കാര്യം പറയാന്‍ വിളിച്ചുവെങ്കിലും രാഹുല്‍ ബ്ലോക്ക് ചെയ്തുവെന്നും യുവതി പറയുന്നു. ഇമെയില്‍ വഴി നല്‍കിയ പരാതിയിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭാഗത്തുനിന്ന് തനിക്ക് നേരിട്ട ക്രൂരമായ അനുഭവങ്ങള്‍ യുവതി വിവരിക്കുന്നത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് ഒന്നും സംഭവിക്കാത്തതു പോലെ വീണ്ടും രാഹുല്‍ അടുപ്പത്തിനു ശ്രമിച്ചു. പാലക്കാട് ഫ്‌ലാറ്റ് വാങ്ങിത്തരണമെന്നു യുവതിയോട് ആവശ്യപ്പെട്ടു. വിവാഹം കഴിച്ച് ഒരുമിച്ച് അവിടെ താമസിക്കാമെന്നായിരുന്നു വാഗ്ദാനം. ഫ്‌ലാറ്റ് വാങ്ങാനായി ഒരു നിര്‍മാണ ഗ്രൂപ്പിനെ സമീപിച്ചുവെന്നും അതു നടന്നില്ലെന്നും യുവതി പറയുന്നു. പിന്നീട് സാമ്പത്തികമായി രാഹുല്‍ ചൂഷണം ചെയ്തു.
തിരുവല്ല സ്വദേശിനിയായ യുവതി നിലവില്‍ വിദേശത്താണുള്ളത്.. പരാതി അന്വേഷണ സംഘത്തിനു ലഭിച്ചതോടെ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ യുവതിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. യുവതി അടുത്ത ദിവസം നാട്ടിലെത്തി അന്വേഷണ സംഘത്തിനു നേരിട്ട് മൊഴി നല്‍കുമെന്നാണു സൂചന.
Read more
പഴുതടച്ച പൊലീസ് നീക്കത്തിലാണ് പാലക്കാട്ടെ സ്വകാര്യ ഹോട്ടലില്‍നിന്ന് രാഹുലിനെ പിടികൂടിയത്. ഹോട്ടലില്‍ എത്തിയ പൊലീസ് ആദ്യം റിസപ്ഷനിലുള്ളവരുടെ ഫോണ്‍ പിടിച്ചെടുത്തു. പിന്നാലെ മുറിയില്‍ മറ്റാരുമില്ലെന്ന് ഉറപ്പാക്കി. തുടര്‍ന്ന് 12.15ഓടെ മുറിയിലെത്തി. 12.30ന് കസ്റ്റഡി നടപടി പൂര്‍ത്തിയാക്കി. പുലര്‍ച്ചെയോടെ പത്തനംതിട്ട എആര്‍ ക്യാംപിലെത്തിച്ചു. എസ്പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രാഹുലിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. വൈദ്യപരിശോധന പൂര്‍ത്തിയാക്കിയശേഷം ഇന്നു തന്നെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും.







