പി.വി.എസ് ആശുപത്രിയിലെ സമരം:ചര്‍ച്ച എങ്ങുമെത്താതെ പിരിഞ്ഞു, ഡോക്ടര്‍മാര്‍ ഇതര ആശുപത്രികളിലേക്ക് ചേക്കേറുന്നു, സമരക്കാര്‍ ആശങ്കയില്‍

മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് സമരത്തിനിറങ്ങിയ എറണാകുളം പി.വി.എസ് ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും മാനേജ്‌മെന്റും പ്രതിനിധികളുമായി ഇന്നലെ വൈകിട്ട് നടത്തിയ ചര്‍ച്ച ഒത്തുതീര്‍പ്പാവാതെ പിരിഞ്ഞു. ഇതോടെ 500 ഓളം വരുന്ന ജീവനക്കാരുടെ ഭാവി ആശങ്കയിലായി.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സ്ഥാപനം നടത്താനാവാത്ത സ്ഥിതിയാണെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. ആറുമാസത്തെ ശമ്പളമെങ്കിലും തരണമെന്ന സമരക്കാരുടെ ആവശ്യം മാനേജ്‌മെന്റ് അംഗീകരിച്ചില്ല. പിന്നീട് ഒരു മാസത്തെ ശമ്പളം നല്‍കാമെന്ന് സമ്മതിച്ചെങ്കിലും ജീവനക്കാര്‍ വഴങ്ങിയുമില്ല. ശമ്പളക്കാര്യത്തില്‍ അന്തിമ തീരുമാനം ശനിയാഴ്ച അറിയിക്കണമെന്ന തീരുമാനത്തോടെ എങ്ങുമെത്താതെ ചര്‍ച്ച അവസാനിക്കുകയായിരുന്നു.

ഇതിനിടെ, പി.വി.എസ് ആശുപത്രിയിലെ മെഡിക്കല്‍ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഗ്യാസ്ര്‌ടോ വിഭാഗത്തിലെയും മറ്റ് വകുപ്പുകളിലെയും ഡോക്ടര്‍മാര്‍ കൂട്ടത്തോടെ സഭയുടെ നേതൃത്വത്തിലുളള എറണാകുളത്തെ ചാരിറ്റി ആശുപത്രിയിലേക്കും ഇതര ആശുപത്രികളിലേക്കും ഉടനടി ചേക്കേറുമെന്നും സൂചനകളുണ്ട്. ഡോക്ടര്‍മാര്‍ നല്കിയ കത്ത് രാജികത്തായി പരിഗണിച്ച് പി വി എസ് ആശുപത്രി റിലീവിംഗ് ഉത്തരവുകളും നല്‍കി.

പി.വി.എസ്   ഡോക്ടര്‍മാരില്‍ ഭൂരിഭാഗവും ആശുപത്രി വിടുന്നതോടെ ഐ.എം.എ യും സമരത്തില്‍ നിന്ന് പിന്മാറിയേക്കും. ഡോക്ടര്‍മാര്‍ പിന്മാറുന്നതോടെ സമരത്തിന്റെ ശക്തി ചോരുമെന്നും മാനേജ്‌മെന്റിന്റെ വരുതിയിലേക്ക് കാര്യങ്ങള്‍ എത്തുമെന്നുമാണ് സമരക്കാരുടെ ആശങ്ക. ഇത് ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എയെയും വിഷമ വൃത്തത്തിലാക്കുന്നുണ്ട്. ഒത്തുതീര്‍പ്പ് ചര്‍ച്ച എന്ന പ്രഹസനത്തിലൂടെ എട്ട് മാസമായ ശമ്പളം ലഭിക്കാത്ത ജീവനക്കാരുടെ സമരത്തെ പൊളിക്കാനുള്ള തന്ത്രമാണ് നടക്കുന്നതെന്നും ആശങ്കയുണ്ട്.

മാനേജ്‌മെന്റിന്റെ പ്രതിനിധിയായി മാതൃഭൂമി ഡയറക്ടര്‍ എം വി ശ്രേയാംസ് കുമാര്‍, നിധീഷ് കുമാര്‍ അടക്കുമുള്ളവരുമായിട്ടായിരുന്നു സമരം ചെയ്യുന്ന ജീവനക്കാരുടെ പ്രതിനിധികള്‍ സിപിഎം നേതാവ് പി രാജീവിന്റെ മദ്ധ്യസ്ഥതയില്‍ വ്യാഴാഴ്ച ചര്‍ച്ച നടത്തിയത്. 2018 മെയ് മുതല്‍ പി വി എസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ശമ്പളവും ആനുകൂല്യങ്ങളും നല്‍കിയിട്ടില്ല. മാര്‍ച്ച് 31നുമുമ്പ് ശമ്പള കുടിശിക നല്‍കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ പി വി മിനി, ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയ്ക്ക് ഉറപ്പു നല്‍കിയിരുന്നെങ്കിലും പാലിച്ചില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

നഴ്സസ് യൂണിയനില്‍ അംഗങ്ങളായ നഴ്‌സുമാര്‍ക്ക് ജനുവരി വരെ 5000, 6000 രൂപ വീതം നല്‍കിയിരുന്നു. എന്നാല്‍ യൂണിയനുകളില്‍ അംഗങ്ങളല്ലാത്ത നഴ്‌സുമാര്‍ക്ക് എട്ടുമാസമായി ശമ്പളം നല്‍കിയിട്ടില്ല. 100 ഡോക്ടര്‍മാര്‍ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ ഇപ്പോള്‍ 25 ഡോക്ടര്‍മാര്‍ മാത്രമാണ് തുടരുന്നത്. മൊത്തം 500 ജീവനക്കാരാണ് ആശുപത്രിയിലുള്ളത്. ഇരുപത് വര്‍ഷത്തിലേറെ ജോലി ചെയ്തവര്‍ക്കും തുച്ഛമായ ശമ്പളം മാത്രമാണ് നല്‍കിയിരുന്നത്. എട്ടു മാസത്തിലേറെയായി ശമ്പളം ലഭിക്കുന്നില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. ഏതാണ്ട് 500 ഓളം ജീവനക്കാരുള്ള സ്ഥാപനം വില്‍ക്കുവാന്‍ ഒരുങ്ങുകയാണ് പി.വി.എസ് ഗ്രൂപ്പ്.