'മൂന്ന് മണിക്കൂറില്‍ കാസര്‍ഗോഡ്- തിരുവനന്തപുരം; ഉമ്മന്‍ ചാണ്ടിയുടെ അതിവേഗ റെയില്‍, സോഷ്യല്‍ മീഡിയ പോസ്റ്റ് കുത്തിപ്പൊക്കി പി.വി അന്‍വര്‍

 

പ്രതിപക്ഷം കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ പ്രക്ഷോഭം പ്രതിപക്ഷം ശക്തമാക്കവെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി പി വി അന്‍വര്‍ എംഎല്‍എ. കെ റെയില്‍ പദ്ധതിയുടെ മെച്ചങ്ങള്‍ ചൂണ്ടിക്കാട്ടുന്നതാണ് പോസ്റ്റ്. അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതിയേക്കുറിച്ച് ജനങ്ങളുടെ ആശങ്കയകറ്റുമെന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. 527 കിലോമീറ്റര്‍ ദൂരമുള്ള റെയില്‍ പദ്ധതിക്ക് 1.18 ലക്ഷം കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് മൂന്ന് മണിക്കൂര്‍ കൊണ്ട് എത്താനാകും. കൊല്ലത്തിന് 15 മിനുറ്റും കൊച്ചിക്ക് 53 മിനുറ്റും മതി. പദ്ധതി സംബന്ധിച്ച തീരുമാനം വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ ഉണ്ടാകൂയെന്നും 2012 ഡിസംബര്‍ 12ലെ ഫെയ്‌സ്ബുക്ക് കുറിപ്പിലുണ്ട്.

ഉമ്മന്‍ ചാണ്ടിയുടെ കൂടി സ്വപ്ന പദ്ധതിയാണ് കെ റെയില്‍ എന്ന് നിലമ്പൂര്‍ എംഎല്‍എ പരിഹസിച്ചു. റീച്ച് തീരെ കുറവാണ്. ഉമ്മന്‍ചാണ്ടി ഒരു നിലപാട് പറഞ്ഞാല്‍ പറഞ്ഞതാണ്. എല്ലാവരും അദ്ദേഹത്തിന്റെ പോസ്റ്റ് അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കണമെന്നും എംഎല്‍എ പറഞ്ഞു.

പത്ത് വര്‍ഷം മുന്‍പത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ലിങ്കും അന്‍വര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കീഴെ വിമര്‍ശനങ്ങളുമായി എല്‍ഡിഎഫ് അനുകൂലികള്‍ രംഗത്തെത്തിയിട്ടുണ്ട്.