പശ്ചിമഘട്ട മലനിരകളിലെ കാര്‍മേഘങ്ങളാണ് ജപ്പാനില്‍ മഴ പെയ്യിക്കുന്നതെന്ന വാദത്തില്‍ ഉറച്ച് അന്‍വര്‍; ഇതിനെ എതിര്‍ക്കുന്നവര്‍ പിന്നീട് തിരുത്തണ്ടി വരുമെന്നും പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി

പശ്ചിമഘട്ടത്തിലെ മലനിരകളില്‍ നിന്നുള്ള കാര്‍മേഘങ്ങള്‍ ആണ് ജപ്പാനില്‍ മഴ പെയ്യിക്കുന്നതെന്ന നിരീക്ഷണത്തില്‍ ഉറച്ച് പിവി അന്‍വര്‍ എംഎല്‍എ. പൊന്നാനിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ എത്തിയതോടെ അദ്ദേഹത്തിന്റെ പഴയ ജപ്പാന്‍ പരാമര്‍ശം പൊടി തട്ടിയെടുക്കുകയാണ് വീണ്ടും സോഷ്യല്‍ മീഡിയ. എന്നാലും തന്റെ നിരീക്ഷണത്തില്‍ നിന്ന് പിന്നോട്ടു പോകാന്‍ അന്‍വര്‍ ഒരുക്കമല്ല.

ജപ്പാനില്‍ മഴ പെയ്യിക്കുന്നത് പശ്ചിമഘട്ടത്തിലെ മലനിരകളാണെന്ന പരാമര്‍ശത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നു. ശാസ്ത്രീയമായി അത് തെളിയിക്കാന്‍ പറ്റുമെന്ന് ഒരു ചാനല്‍ പരിപാടിയില്‍ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് ഒരു സംവാദത്തിന് താന്‍ ഒരുക്കമാണെന്നും അന്‍വര്‍ പറയുന്നു.

2002 വരെ നാസയുടെ വെബ്‌സൈറ്റില്‍ ഇക്കാര്യങ്ങള്‍ ഉണ്ടായിരുന്നതായും അദ്ദേഹം പറയുന്നു. ഇതിന്റെ പേരില്‍ താങ്കള്‍ ഒരുപാട് പരിഹസിക്കപ്പെട്ടിട്ടില്ലെ എന്ന അവതാരകന്റെ ചോദ്യത്തിന് വളരെ സന്തോഷത്തോടു കൂടിയാണ് അത് കാണുന്നതെന്നും ഈ പറയുന്ന ആളുകള്‍ നാളെ അത് തിരിച്ചു പറയുമെന്നും അന്‍വര്‍ അഭിപ്രായപ്പെട്ടു.

ജപ്പാന് ഇന്ത്യയില്‍ അല്ലെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കുടിവെള്ളം കൊടുക്കാന്‍ എന്താണ് ഇത്ര താത്പര്യം. പശ്ചിമഘട്ടത്തില്‍ മാത്രമാണല്ലോ കുടിവെള്ള പദ്ധതിയുള്ളത്. എന്താണ് മറ്റിടങ്ങളില്‍ ഇല്ലാത്തതെന്നും പരിശോധിച്ചു നോക്കണമെന്നും അന്‍വര്‍ പറഞ്ഞു.