പിവി അന്‍വര്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുന്ന വ്യക്തി; ആരോപണങ്ങളില്‍ വസ്തുതയുണ്ടോയെന്ന് പരിശോധിക്കുമെന്ന് ടിപി രാമകൃഷ്ണന്‍

ഭരണപക്ഷത്തെ പ്രതിസന്ധിയിലാക്കുന്ന വിധത്തിലുള്ള പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയ്ക്കും എഡിജിപി എം ആര്‍ അജിത് കുമാറിനുമെതിരെ ആയിരുന്നു പിവി അന്‍വറിന്റെ ആരോപണങ്ങള്‍.

പിവി അന്‍വറിന്റെ ആരോപണങ്ങളില്‍ വസ്തുതയുണ്ടോയെന്ന് പരിശോധിച്ച് തുടര്‍ നടപടിയുണ്ടാകും. അന്‍വര്‍ പാര്‍ട്ടിയുമായി കൂടിയാലോചിച്ചല്ല കാര്യങ്ങള്‍ പറയുന്നത്. പിവി അന്‍വര്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ്. പാര്‍ട്ടിയുമായി സഹകരിക്കുന്ന വ്യക്തിയെന്ന നിലയില്‍ കാര്യങ്ങള്‍ ചോദിച്ചറിയും. തെളിവുകളുണ്ടെങ്കില്‍ പരിശോധിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ അറിയിച്ചു.

എംആര്‍ അജിത്കുമാര്‍ നോട്ടോറിയസ് ക്രിമിനലാണെന്നും അയാള്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും പിവി അന്‍വര്‍ ആരോപിച്ചിരുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാര്‍ അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിനെ മാതൃകയാക്കുന്നുവെന്നും പി വി അന്‍വര്‍ കുറ്റപ്പെടുത്തി. അജിത്ത് കുമാറിന്റെ ഭാര്യക്ക് സ്ത്രീയെന്ന പരിഗണന നല്‍കി ഇപ്പോള്‍ വിടുന്നു. ആവശ്യം വരികയാണെങ്കില്‍ ചില കാര്യങ്ങള്‍ പറയാമെന്നും പിവി അന്‍വര്‍ പറഞ്ഞു.

Read more

മുഖ്യമന്ത്രിക്ക് 29 വകുപ്പുകളുണ്ട്. മുഖ്യമന്ത്രിയെ വിശ്വസ്തര്‍ കുഴിയില്‍ ചാടിക്കുന്നുവെന്നും പൊളിറ്റക്കല്‍ സെക്രട്ടറി പി.ശശി പരാജയമാണെന്നും പിവി അന്‍വര്‍ പറഞ്ഞു. പൊളിറ്റിക്കല്‍ സെക്രട്ടറിയെയും, എഡിജിപിയെയും മുഖ്യമന്ത്രി വിശ്വസിച്ചാണ് ചുമതലകള്‍ ഏല്‍പ്പിച്ചത്. അവര്‍ അത് കൃത്യമായി ചെയ്തില്ലെന്നും പിവി അന്‍വര്‍ കുറ്റപ്പെടുത്തി.