"തുടർഭരണം ഉറപ്പിച്ച് മുഖ്യമന്ത്രി, സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ച ഉണ്ടായേക്കുമെന്ന് പൊതുഭരണവകുപ്പിന് നിർദേശം"

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ആരംഭിച്ചതായി റിപ്പോർട്ട്. ഇടതുമുന്നണി വിജയിക്കുകയാണെങ്കിൽ തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടത്താൻ പൊതുഭരണ വകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകിയതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. കോവിഡ് രണ്ടാം തരംഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയത്.

രാജ്ഭവനിൽ വളരെ ലളിതമായിട്ടായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുക. മുഖ്യമന്ത്രി മാത്രമോ അല്ലെങ്കിൽ മുഖ്യമന്ത്രിയും കൂടെ ഘടകക്ഷികളിലെ രണ്ടോ മൂന്നുപേരോ ആയിരിക്കും സത്യപ്രതിജ്ഞ ചെയ്യുക. ഈ ആഴ്ച ആദ്യം തന്നെ ഇത്തമൊരു നിർദേശം പൊതുഭരണവകുപ്പിന് ലഭിച്ചിരുന്നുവെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ട്.

2016ൽ മെയ് 19നായിരുന്നു നിയമസഭാ തിര‍ഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. ആറുദിവസത്തിന് ശേഷമായിരുന്നു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്ഞ ചെയ്തത്.

തിരഞ്ഞെടുപ്പ് ഫലം വന്നാൽ പ്രോട്ടോകോൾ അനുസരിച്ച് നിലവിലെ മുഖ്യമന്ത്രി ഗവർണറെ കണ്ട് രാജി സമർപ്പിക്കണം. തുടർന്ന് വിജയിച്ച മുന്നണി പാർലമെന്ററി പാർട്ടി യോഗം വിളിച്ച് ചേർത്ത് അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കണം. മുന്നണി തിരഞ്ഞെടുക്കുന്ന നേതാവ് ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കണം.

ഇത്തവണ ഇടതുമുന്നണി തുടർഭരണം നേടുകയും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുകയുമാണെങ്കിൽ  മേൽ പറഞ്ഞ നടപടിക്രമങ്ങളെല്ലാം ഒറ്റദിവസം കൊണ്ട് പൂർത്തിയാക്കേണ്ടി വരും. ഇടതുമുന്നണി വിജയിച്ചാൽ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഓൺലൈനായി എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം വിളിച്ച് പിണറായി വിജയനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാനാണ് സാദ്ധ്യത.