ബാഫഖി തങ്ങളുടെ കൊച്ചുമകനും കാലിക്കറ്റ് സർവകലാശാല മുന്‍ വൈസ് ചാൻസിലറും ബി.ജെ.പിയിൽ ചേരുന്നു; അംഗത്വം നാളെ

കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ.എം അബ്ദുൽ സലാം, ബാഫഖി തങ്ങളുടെ കൊച്ചുമകൻ സയ്യിദ് താഹാ ബാഫഖി തങ്ങൾ എന്നിവർ ബി.ജെ.പിയിൽ ചേരും. കോഴിക്കോട് നടന്ന വാർത്താ സമ്മേളനത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള അറിയിച്ചു. ഇവരെ കൂടാതെ പ്രമൂഖ മനശാസ്ത്രജ്ഞൻ യ​ഹ്യാ ഖാൻ. നാഷണൽ ഹോസ്പിറ്റൽ എം.ഡി ഡോ. ജെഫിൻ, മുൻ എൻ.ജി.ഒ യൂണിയൻ നേതാവ് ജയാനന്ദൻ, ഡോ.ഹർഷൻ സെബാസ്റ്റ്യൻ ആൻറണി, വിശ്വകർമ സഭ നേതാവായ സോമസുന്ദരൻ, തെയ്യം കലാകാരൻ മുരളീധരൻ തുടങ്ങിയ പ്രമുഖർ നാളെ വൈകിട്ട് നാലിന് ഹോട്ടൽ അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ ബി.ജെ.പി മെമ്പർഷിപ്പ് ഏറ്റുവാങ്ങും.

ന്യൂനപക്ഷ സമുദായത്തിലെ പ്രമുഖർ ഉൾപ്പടെ നിരവധി ആളുകൾ ബി.ജെ.പിയിലേക്ക് കടന്നുവരുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപ്പിള്ള വാർത്ത സമ്മേളനത്തിൽ പറഞ്ഞു. നിലവിൽ കേരളത്തിലെ മെമ്പർഷിപ്പ് അപേക്ഷ അഞ്ചുലക്ഷം കഴിഞ്ഞു. കേരളത്തിലെ ദലിത്, ന്യൂനപക്ഷ വിഭാ​ഗങ്ങളിൽ നിന്ന് ആയിരക്കണക്കിനാളുകൾ ബി.ജെ.പിയിലേക്ക് കടന്നുവന്നിട്ടുണ്ട്. പ്രതീക്ഷക്ക് അപ്പുറമാണ് കേരളത്തിൽ നിന്നും ബി.ജെ.പിയിലേക്കുള്ള വർദ്ധനവ്. മെമ്പർഷിപ്പ് കാമ്പയിൻ ശേഷം കേരളത്തിലും ബി.ജെ.പി സംഘടന തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതുന്നതെന്നും കേരളം തെരഞ്ഞെടുപ്പിനുള്ള ശക്തി കൈവരിച്ചെന്നും ശ്രീധരൻപ്പിള്ള പറഞ്ഞു. കൊല്ലം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങിലെ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഉൽഘാടനം ശിവരാജ് സിങ് ചൗഹാൻ നിർവ്വഹിക്കും.