അരിക്കൊമ്പനെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധ പരിപാടികള്‍ക്കൊരുങ്ങി ഒരു കൂട്ടര്‍

ഇടുക്കി കളക്ടറേറ്റിന് മുന്നില്‍ അരിക്കൊമ്പനെ തിരികെ ചിന്നക്കനാലില്‍ എത്തിക്കണമെന്നാവശ്യപ്പെട്ട് മൃഗസ്‌നേഹികളുടെ പ്രതിഷേധം. അരിക്കൊമ്പനെ തിരികെ ചിന്നക്കനാലില്‍ എത്തിക്കുന്നത് വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നാണ് മൃഗസ്‌നേഹികളെന്ന് അവകാശപ്പെടുന്ന ഒരു കൂട്ടര്‍ അറിയിക്കുന്നത്.

അരിക്കൊമ്പനെ തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി ഒറ്റയാള്‍ പോരാട്ടം തുടരുന്ന രേവത് ബാബു ആണ് പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. റേഡിയോ കോളര്‍ ഉണ്ടായിട്ടും അരിക്കൊമ്പന്റെ ചിത്രങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പുറത്ത് വിടാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഏപ്രില്‍ 30ന് ചിന്നക്കനാലില്‍ നിന്ന് ഏറെ സമയത്തെ പരിശ്രമത്തിനൊടുവില്‍ പിടികൂടിയ ആനയെ പെരിയാര്‍ വന്യജീവി സങ്കേതത്തിലാണ് തുറന്ന് വിട്ടത്.

അതേസമയം, അരിക്കൊമ്പനെ തിരികെ എത്തിക്കാനായി നടത്തിയ സമരത്തില്‍ പങ്കെടുത്തതിന് നാല് പേര്‍ക്ക് ഏര്‍പ്പെടുത്തിയ ഊരുവിലക്ക് കഴിഞ്ഞ ആഴ്ച പിന്‍വലിച്ചിരുന്നു. അരിക്കൊനെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് മൃഗസ്നേഹികളുടെ കൂട്ടായ്മ നടത്തിയ സമരത്തില്‍ പങ്കെടുത്തതിന്റെ പേരിലായിരുന്നു ചിന്നക്കനാല്‍ ചെമ്പകത്തൊഴുക്കുടി, പച്ചപ്പുല്‍ക്കുടി എന്നീ ആദിവാസി ഊരുകളില്‍ നാല് പേര്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്.