രാമക്ഷേത്ര നിർമ്മാണത്തിന് പ്രിയങ്ക ഗാന്ധിയുടെ അനുകൂല പ്രസ്താവന; മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി നാളെ

അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് അനുകൂലമായ കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയില്‍ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി യോഗം ചേരും. അയോദ്ധ്യയിലെ ക്ഷേത്ര നിർമ്മാണത്തിന് ആശംസകളുമായി  പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു. നാളെ 11 മണിക്ക് പാണക്കാടാണ് യോഗം ചേരുക. യോഗത്തിന് ശേഷം മുസ്‌ലിം ലീഗ് നിലപാട് വ്യക്തമാക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചതായി സുപ്രഭാതം റിപ്പോർട്ട് ചെയ്തു.

ലാളിത്യം, ധീരത, സംയമനം, ത്യാഗം, സമർപ്പണം എന്നിവയാണ്​ രാമ​നെന്ന പേരിൻെറ കാതൽ. രാമൻ എല്ലാവരിലുമുണ്ട്​. രാമൻ എല്ലാവരുടെ കൂടെയുമുണ്ട്​. ഭഗവാൻ രാമ​​ൻെറയും മാതാവ്​ സീതയു​ടേയും അനുഗ്രഹത്തോടെയും സന്ദേശത്തോടെയും, രാമക്ഷേത്രത്തി​​ൻെറ ഭൂമിപൂജ ദേശീയ ഐക്യത്തി​​ൻെറയും സാഹോദര്യത്തി​​ൻെറയും സാംസ്​കാരിക കൂടിച്ചേരലി​​ൻെറയും അവസരമാക​ട്ടെ എന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

നേരത്തെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ചും ക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിക്കുന്ന ഭൂമിപൂജ ചടങ്ങിലേക്ക് കോണ്‍ഗ്രസിനെ വിളിക്കാത്തതില്‍ അതൃപ്തി അറിയിച്ചും രംഗത്തെത്തിയിരുന്നു. രാമക്ഷേത്രത്തിനായി കാത്തിരിക്കുകയാണെന്നായിരുന്നു മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞത്. ദിഗ് വിജയ് സിംഗ്, മനീഷ് തിവാരി തുടങ്ങിയ നേതാക്കളും രാമക്ഷേത്രത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.