സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക കോടിക്കണക്കിന് രൂപ, സൗജന്യ ചികിത്സ പദ്ധതികളില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്മാറുന്നു

സര്‍ക്കാരിന്റെ സൗജന്യ ചികിത്സ പദ്ധതികളില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്മാറുന്നു. പദ്ധതിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികള്‍ക്ക് ലഭിക്കേണ്ട ധനസഹായത്തില്‍ കുടിശ്ശിക വരുത്തിയതിനാലാണ് പിന്മാറുന്നതെന്ന് ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ പറയുന്നു.

100 കോടി രൂപ സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുണ്ട്. വരുന്ന ഏപ്രില്‍ ഒന്നു മുതല്‍ സൗജന്യ പദ്ധതികള്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ലഭിക്കില്ല. 960 സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ കൂട്ടായി എടുത്ത തീരുമാനമാണിത്. കോടികളുടെ നഷ്ടം വരുത്തിവെച്ചതിനാല്‍, കുടിശ്ശിക തീര്‍ക്കുന്നത്  അനുസരിച്ചേ സൗജന്യ ചികിത്സകള്‍ അനുവദിക്കുകയുള്ളുവെന്നും മാനേജ്മെന്‍റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

കാരുണ്യ, ഇഎസ്‌ഐ, ആര്‍എസ്ബിവൈ എന്നീ പദ്ധതികള്‍ വഴിയാണ് സൗജന്യ ചികിത്സ സഹായം നല്‍കിയിരുന്നത്. കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ പിടിപെട്ടവര്‍ക്ക് സര്‍ക്കാരിന്റെ സൗജന്യ ചികിത്സ പദ്ധതികള്‍ സഹായകമായിരുന്നു. കുടിശ്ശിക നേടിയെടുക്കാന്‍ സര്‍ക്കാരിനെതിരെ നിയമനടപടി ആരംഭിക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു.