വേണുവിന്റെ മരണത്തില്‍ ചികില്‍സാവീഴ്ചയില്ലെന്ന് പ്രാഥമിക അന്വേഷണ വിലയിരുത്തല്‍; കേസ് ഷീറ്റില്‍ പോരായ്മകള്‍ ഇല്ലെന്ന് ആരോഗ്യ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍, അന്തിമ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഹൃദ്രോഗി മരിച്ചതില്‍ ചികിത്സാവീഴ്ചയില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വിലയിരുത്തല്‍. കേസ് ഷീറ്റില്‍ പോരായ്മകള്‍ ഇല്ലെന്നും ചികിത്സ പ്രോട്ടോക്കോള്‍ പാലിച്ചതായും ആണ് രേഖകള്‍. ചികിത്സയില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ മൊഴി നല്‍കി. ആശയവിനിമയത്തില്‍ അപാകത ഉണ്ടായോ എന്നത് പ്രത്യേകം പരിശോധിക്കണമെന്നും പ്രാഥമിക വിലയിരുത്തല്‍. ആരോഗ്യ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോ. ടി കെ പ്രേമലതയുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അന്തിമ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും.

ചികിത്സാ പിഴവില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍. ഡിഎംഇയുടെ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും ആരോഗ്യവകുപ്പ് തുടര്‍ നടപടികളിലേക്ക് കടക്കുക. ആരോഗ്യമന്ത്രി നിര്‍ദേശിച്ച പ്രകാരമാണ് അന്വേഷണം. മരിച്ച വേണുവിന്റെ കൂടുതല്‍ ശബ്ദസന്ദേശം ഇന്നലെ പുറത്ത് വന്നിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ഗുരുതരമായ പരാതിയാണ് സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തില്‍ വേണു ഉന്നയിക്കുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വേണു ബന്ധുവിന് അയച്ച ഓഡിയോയാണ് പുറത്തുവന്നത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം ആശുപത്രി ഏല്‍ക്കുമോ എന്നും ആശ്രയം തേടി വരുന്ന സാധാരണക്കാരോട് ഇങ്ങനെ മര്യാദകേട് കാണിക്കാമോയെന്നും പുറത്തുവന്ന ഓഡിയോയില്‍ വേണു ചോദിക്കുന്നു.

Read more

ആൻജിയോഗ്രാമിന് ആശുപത്രിയിൽ എത്തിച്ച ഓട്ടോറിക്ഷ ഡ്രൈവർ ആയ കൊല്ലം പന്മന സ്വദേശി വേണു ഇക്കഴിഞ്ഞ ദിവസമാണ് മരിച്ചത്. സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. വേണുവിന്റെ മരണത്തിന് കാരണം ആശുപത്രിയുടെ അനാസ്ഥ ആണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. അതിനിടെ താൻ മരിച്ചാൽ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന് വേണു പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. അതേസമയം സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് റിപ്പോർട്ട് തേടിയിരുന്നു.