പടക്കം കടിച്ച ​ഗർഭിണിയായ ആന ചരിഞ്ഞ കേസ്; മലപ്പുറം സ്വദേശി അറസ്റ്റിൽ

പാലക്കാട് വെള്ളിയാർ പുഴയിൽ ഗർഭിണിയായ കാട്ടാന ചരിഞ്ഞ കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. മലപ്പുറം ഓടക്കാലി സ്വദേശി വിൽസൺ ആണ് അറസ്റ്റിലായത്. അമ്പലപ്പാറയിൽ സ്ഥലം പാട്ടത്തിനെടുത്താണ് വിൽസൺ കൃഷി ചെയ്യുന്നത്.

സ്ഫോടകവസ്തു വെച്ചവരെന്ന് സംശയിക്കുന്ന മൂന്നുപേരെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. കാട്ടാനയുടെ ജീവനെടുത്തത് കൃഷിയിടങ്ങളിലെ പന്നിപ്പടക്കമാെണന്ന നിഗമനത്തിലാണ് വനംവകുപ്പ്. കൈതച്ചക്കയിൽ സ്ഫോടകവസ്തു നിറച്ചുനൽകി ബോധപൂർവം ആനയെ കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് വനംഉദ്യോഗസ്ഥർ വ്യക്തമാക്കി.

മേയ് 23- ന് വെളളിയാർ പുഴയിൽ എത്തുന്നതിന് മുമ്പേ ഗർഭിണിയായ കാട്ടാനയ്ക്ക് പരിക്കേറ്റിരുന്നു. നേരിയ സ്ഫോടനത്തിലാണ് വായിൽ മുറിവുണ്ടായതെന്നും രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

പരിക്കേറ്റ ആന ദിവസങ്ങളോളം ജനവാസ മേഖലയിലുൾപ്പെടെ നിലയുറപ്പിച്ചിട്ടും മതിയായ ചികിത്സ നൽകുന്നതിന് വനംവകുപ്പ് മുൻകൈ എടുത്തില്ലെന്ന ആരോപണം ശക്തമാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും ആനയെ കാട്ടിലേക്ക് തിരിച്ചയക്കാൻ മാത്രമാണ് വനപാലകർ ശ്രമിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇക്കാര്യത്തിൽ കഴമ്പില്ലെന്നും മൃഗഡോക്ടറുടെയടക്കം സേവനം തേടിയിരുന്നെന്നുമാണ് വനംവകുപ്പ് വിശദീകരണം