സി.ഐക്ക് രാഷ്ട്രീയ പിന്തുണ, സ്റ്റേഷനില്‍ ഡി.വൈ.എഫ്‌.ഐ നേതാവ് എത്തിയിരുന്നു: മോഫിയയുടെ അമ്മ

നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ സർക്കിൾ ഇൻസ്‌പെക്ടർ സര്‍വീസില്‍ തുടരുന്നത് രാഷ്ട്രീയ പിന്തുണയോടെയാണെന്ന് മോഫിയയുടെ അമ്മ ഫാരിസ. ഡിവൈഎഫ്‌ഐ നേതാവിനേയും കൂട്ടിയാണ് മോഫിയയുടെ ഭര്‍ത്താവ് സുഹൈല്‍ സ്റ്റേഷനില്‍ എത്തിയിരുന്നതെന്നും അവര്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.

അവർക്കൊപ്പം ഡിവൈഎഫ്‌ഐയുടെ ഒരു നേതാവ് ഉണ്ടായിരുന്നു എന്ന് അവള്‍ പറഞ്ഞിരുന്നു. അതാരാണെന്ന് അവള്‍ക്കറിയില്ലായിരുന്നു. മൊഫിയയെ അവര്‍ മാനസികരോഗിയാക്കി ചിത്രീകരിച്ചു. മാനസികരോഗിയാണെന്ന് അവര്‍ നിരന്തരം പറഞ്ഞപ്പോള്‍ ഡോക്ടറുടെ അടുത്ത് പോയിരുന്നു. ഭര്‍ത്താവിനാണ് കൗണ്‍സിലിഗ് നല്‍കേണ്ടതെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അവളെ അവന്റെ കൂടെ വിടരുതെന്നും പറഞ്ഞു. എല്ലാം നല്ല രീതിയില്‍ വരുമെന്ന പ്രതീക്ഷയായിരുന്നു അവസാനം വരെ അവള്‍ക്ക്. മുത്തലാഖ് ചൊല്ലിയതോടെ അവള്‍ തകര്‍ന്നു. മൂന്ന് മാസത്തിനകം അവന്‍ മറ്റൊരു വിവാഹം ചെയ്യുമെന്നറിഞ്ഞു. അവന്റെ കാല്‍ പിടിച്ച് എന്നെ ഉപേക്ഷിക്കല്ലേ എന്ന് പറഞ്ഞിട്ടുണ്ട്.

ഒരുപാട് സ്വപ്‌നങ്ങള്‍ ഉള്ളവളായിരുന്നു. അവളുടെ മരണത്തിന് കാരണക്കാരനായ സിഐയെ സ്ഥലം മാറ്റിയത്‌ കൊണ്ടും സസ്‌പെൻഡ് ചെയ്തതു കൊണ്ടും കാര്യമില്ല. ജോലിയില്‍ നിന്ന് തന്നെ പിരിച്ചു വിടണം മോഫിയയുടെ അമ്മ പറഞ്ഞു.