പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ നേരിടാന്‍ വിപുലമായ ഒരുക്കങ്ങള്‍, പൊതുഗതാഗതം തടഞ്ഞാല്‍ കര്‍ശന നടപടി, കടകള്‍ അടപ്പിക്കരുത്, അഭ്യുഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ അകത്തു കിടക്കും

 

പോപ്പുലര്‍ ഫ്രണ്ട് വെള്ളിയാഴ്ച സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ നേരിടാന്‍ പൊലീസ് വിപുലമായ ഒരുക്കങ്ങളാരംഭിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ജില്ലാ പൊലീസ് മേധാവികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ ഉടനടി കേസെടുത്ത് അറസ്റ്റ് ചെയ്യും ആവശ്യമെങ്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരെ കരുതല്‍ തടങ്കിലില്‍ വയ്കും. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പൊലീസ് ശ്രദ്ധ ചെലുത്തും. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും. ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാ ക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല നല്‍കിയിരിക്കുന്നത് റേഞ്ച് ഡിഐജിമാര്‍, സോണല്‍ ഐജിമാര്‍, ക്രമസമാധാന വിഭാഗം എഡിജിപി എന്നിവര്‍ക്കാണ്.

സാമൂഹികമാധ്യമങ്ങള്‍ വഴിയും, വാട്‌സ് ആപ്പ് തുടങ്ങിയവയിലൂടെയും ഹര്‍്ത്താലുമായി ബന്ധപ്പെട്ട് തെററായ വിവരങ്ങളും അഭ്യുഹങ്ങളം കിവംദന്തികളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കായി സൈബര്‍ പട്രോളിംഗ് നടത്തും.ഹര്‍ത്താല്‍ ദിവസം പൊതുഗതാഗതം തടയുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകും . സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ക്കും ആവശ്യമായ സുരക്ഷ ഒരുക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.

കെ എസ് ആര്‍ ടി സി വെള്ളിയാഴ്ച പതിവുപോലെ സര്‍വ്വീസ് നടത്തും . ഇതിനായുള്ള നിര്‍ദേശം സി എം ഡി നല്‍കി.ആശുപത്രികള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം സര്‍വീസ് നടത്തും. ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ പൊലീസ് സഹായം തേടാനും മുന്‍കൂട്ടി പൊലീസ് സഹായം ആവശ്യമുണ്ടെങ്കില്‍ അതിനു രേഖാമൂലം അപേക്ഷ നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.