ജെയ്ക് സി തോമസിന്റെ ഭാര്യയുടെ പരാതി; സൈബര്‍ ആക്രമണത്തിനെതിരെ കേസെടുത്ത് മണര്‍കാട് പൊലീസ്

സൈബര്‍ ആക്രമണത്തിനെതിരെ ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു തോമസ് നല്‍കിയ പരാതിയില്‍ മണര്‍കാട് പൊലീസ് കേസെടുത്തു. കോട്ടയത്തെ എസ്പി ഓഫീസിലെത്തി ഗീതു നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സിഐ സിആര്‍ സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

9 മാസം ഗര്‍ഭിണിയായ തനിക്കെതിരെ തുടരുന്ന സൈബര്‍ ആക്രമണം കടുത്ത മാനസിക പ്രയാസമുണ്ടാക്കി എന്ന് കാണിച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് ഗീതു ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ഗീതു ജെയ്കിനായി വോട്ട് ചോദിക്കുന്നതിന്റെ വിഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചായിരുന്നു വ്യാപകമായ സൈബര്‍ ആക്രമണം. ‘ഗർഭിണിയെന്ന് അവകാശപ്പെടുന്ന ഭാര്യ’ എന്ന പ്രയോഗം ഒൻപതു മാസം ഗർഭിണിയായ ഒരു സ്ത്രീ എന്ന നിലയിൽ ഏറെ വേദനിപ്പിച്ചെന്നും ഇത്തരം സൈബർ അധിക്ഷേപങ്ങൾ എല്ലാവരെയും വിഷമിപ്പിക്കുന്നതാണെന്നും ഗീതു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സ്ത്രീകളുടെ അന്തസ് കെടുത്തുന്ന പ്രവൃത്തികള്‍ക്കെതിരെ ഐപിസി 509 വകുപ്പ് പ്രകാരവും കേരള പൊലീസ് ആക്ടിലെ 119 വകുപ്പ് പ്രകാരവും സമൂഹ മാധ്യങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്നതിനെതിരെ കേരള പൊലീസ് ആക്ടിലെ 120 വകുപ്പ് പ്രകാരവുമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തിരിക്കുന്നത്.