സംസ്ഥാനത്ത് പൊലീസിന്റെ അതീവ ജാഗ്രതാനിര്‍ദ്ദേശം; അവധിയില്‍ പോയവര്‍ ഉടന്‍ തിരിച്ചെത്തണമെന്ന് ഡി.ജി.പി

ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി ജാഗ്രത പുലര്‍ത്താന്‍ പൊലീസിന് ഡിജിപി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കി. അവധിയില്‍ പോയ പൊലീസുകാരോട് ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്നും എല്ലാ ഉന്നത ഉദ്യോഗസ്ഥരും അവരുടെ ഓഫീസുകളില്‍ ഉണ്ടാകണമെന്നും ഡിജിപി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് അടുത്ത് മൂന്ന് ദിവസത്തേയ്ക്ക് മൈക്ക് അനൗണ്‍സ്‌മെന്റുകളും പ്രകടനങ്ങളും നടത്തുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി.

സംഘര്‍ഷങ്ങള്‍ക്ക് സാദ്ധ്യതയുള്ളമേഖലകളില്‍ രാത്രിയും പകലും വാഹനപരിശോധന കര്‍ശനമാക്കും. ഇരുചക്രവാഹനങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനയും നടത്തും. വാഹനങ്ങളില്‍ ആയുധങ്ങള്‍ കടത്തുണ്ടോയെന്ന് പരിശോധിക്കും. പ്രശ്‌നക്കാരായ ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. ഇവരെ മുന്‍കരുതല്‍ കസ്റ്റഡിയില്‍ എടുക്കുമെന്നും ഡിജിപി അറിയിച്ചു. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും പൊലീസിന്റെ നിരീക്ഷണവും ശക്തമാക്കി. സംഘര്‍ഷ സാദ്ധ്യതാ മേഖലകളില്‍ ആവശ്യമെങ്കില്‍ നിരോധാനജ്ഞ പ്രഖ്യാപിക്കാനും ജില്ലാ പൊലീസ് മേധാവിമാരോട് ഡിജിപി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഐജി ഹര്‍ഷിത അത്തല്ലൂരി ആലപ്പുഴയില്‍ എത്തി. ഇരട്ടക്കൊലയിലെ തുടരന്വേഷണവും ക്രമസമാധാനം ഉറപ്പാക്കാനുള്ള നടപടികളും ഐജി നേരിട്ട് മേല്‍നോട്ടം വഹിക്കും.

അതേ സമയം സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നുവെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു. ബിജെപി പ്രവര്‍ത്തകരുടെ മരണത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ല. ഒരു വിഭാഗത്തെ പ്രീണിപ്പിക്കുന്ന തരത്തിലാണ് അന്വേഷണം. കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെടുകയാണ് എന്നും നിത്യാനന്ദ് കൂട്ടിച്ചേര്‍ത്തു.