വിദേശത്തേക്ക് കടക്കാന്‍ സാധ്യത, രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി പൊലീസ്; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, അറസ്റ്റിനുള്ള നീക്കം സജീവം

നിര്‍ബന്ധിത ഗര്‍ഭഛിദ്രമടക്കം ലൈംഗിക പീഡനക്കേസില്‍ പാലക്കാട് എംഎല്‍എയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സജീവമാക്കി പൊലീസ്. എംഎല്‍എ നാട് വിടാന്‍ സാധ്യതയുണ്ടെന്ന് കണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിനായി ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പൊലീസ് പുറത്തിറക്കിയിരിക്കുന്നത്. നിലവില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റ് ഭയന്ന് ഒളിവിലാണ്. യുവതിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന യുവതിയുടെ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരിക്കേ അറസ്റ്റ് ആസന്നമെന്ന് നിയമവിദഗ്ധര്‍ വിലയിരുത്തുന്നു. ജാമ്യമില്ലാ വകുപ്പ് അനുസരിച്ചാണ് കേസ്. 10 വര്‍ഷം മുതല്‍ ജീവപര്യന്തംവരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് പറയുന്നു.

കേസെടുത്തതിന് പിന്നാലെ രാഹുലിനും സുഹൃത്ത് അടൂര്‍ സ്വദേശിയായ വ്യാപാരിക്കുമായി പൊലീസ് അന്വേഷണം നടത്തുകയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ സുഹൃത്ത് വഴിയാണ് ഗര്‍ഭച്ഛിദ്ര ഗുളിക എത്തിച്ചതെന്ന് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വ്യാപാരി ജോബി ജോസഫിനെയും കേസില്‍ പ്രതി ചേര്‍ക്കാന്‍ പൊലീസ് തീരുമാനിച്ചത്. നിര്‍ബന്ധിത ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ബിഎന്‍എസ് 89 വകുപ്പ് പ്രകാരം 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് നിര്‍ബന്ധിത ഭ്രൂണഹത്യ.

Read more

ബലാത്സംഗം, കഠിനമായ ദേഹോപദ്രവം, അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിക്കുക തുടങ്ങിയ കുറ്റങ്ങളും എംഎല്‍എയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്. രാഹുലിനെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് എഫ്‌ഐആറിലുള്ളത്. 2025 മാര്‍ച്ച് മുതല്‍ പീഡിപ്പിച്ചെന്നും ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. ഗര്‍ഭിണിയായ ശേഷം പാലക്കാട്ടുള്ള ഫ്‌ലാറ്റില്‍ വെച്ചും ഭീഷണിപ്പെടുത്തി. രാഹുലിന്റെ സുഹൃത്ത് കാറില്‍ കയറ്റികൊണ്ടുപോയി ഗര്‍ഭഛിദ്രഗുളിക നല്‍കി. ഗുളിക കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും ബന്ധം പറഞ്ഞാല്‍ ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.