ഫ്‌ലാറ്റില്‍ ലഹരി പാര്‍ട്ടിക്കിടെ പൊലീസ് എത്തി, എട്ടാം നിലയില്‍ നിന്ന് ചാടിയ യുവാവിന് പരിക്ക്

ഫ്‌ലാറ്റില്‍ ലഹരി പാര്‍ട്ടി നടക്കുന്നത് അന്വേഷിക്കാന്‍ എത്തിയ പൊലീസിനെ കണ്ട് ഭയന്ന് എട്ടാം നിലയില്‍ നിന്ന് ചാടിയ യുവാവിന് ഗുരുതര പരിക്ക്. എറണാകുളം തൃക്കാക്കരയിലാണ് സംഭവം. കായംകുളം സ്വദേശി അതുലിനാണ് (22) പരിക്കേറ്റത്. പൊലീസിനെ ഭയന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഫ്‌ലാറ്റില്‍ നിന്ന് ചാടിയത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് തൃക്കാക്കര നവോദയയിലുള്ള ഫ്ലാറ്റിലായിരുന്നു സംഭവം. പുതുവത്സര ആഘോഷത്തോട് അനുവബന്ധിച്ച് ലഹരി പാര്‍ട്ടി നടക്കുന്നുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇത് അന്വേഷിക്കാനായാണ് ഷാഡോ പൊലീസും തൃക്കാക്കര പൊലീസും സ്ഥലത്ത് എത്തിയത്.

ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് എടുത്ത് ചാടിയ അതുല്‍ കാര്‍ ഷെഡിന് മുകളിലേക്കാണ് വീണത്. ഷെഡിന്റെ അലുമിനിയം ഷീറ്റ് തുളച്ച് നിലത്ത് വീഴുകയായിരുന്നു. കൈക്ക് ഉള്‍പ്പടെ ഗുരുതര പരിക്ക് പറ്റിയ അതുലിനെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read more

ഫ്‌ലാറ്റില്‍ നിന്ന് ഒരു യുവതി അടക്കം ഏഴ് പേരായിരുന്നു പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഉണ്ടായിരുന്നത്. ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എംഡിഎംഎ, ഹാഷിഷ് ഓയില്‍ ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കളും ഫ്‌ലാറ്റില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.