പ്ലസ്‌വണ്‍ പ്രവേശനം; കൂടുതല്‍ സമയം അനുവദിക്കാനാകില്ല, സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്‌വണ്‍ പ്രവേശനത്തിന് അപേക്ഷിക്കുന്നതിന് വേണ്ടി കൂടുതല്‍ സമയം നീട്ടിനല്‍കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണ്. ഇനിയും സമയം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

അതേസമയം അപേക്ഷ നല്‍കുന്നതിന് സമരപരിധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി ഇന്ന് ഉച്ചയ്ക്ക് പരിഗണിക്കും. സിബിഎസ്ഇ പത്താംക്ലാസ് ഫലം വരാത്തതിനാല്‍ പ്രവേശനം നീട്ടണമെന്നാണ് ആവശ്യം. പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. ഇതേ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

നേരത്തെ കോടതി ഹര്‍ജി പരിഗണിക്കുകയും അപേക്ഷ നല്‍കുന്നതിനുള്ള തീയതി ഇന്നുവരെ നീട്ടണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. കോടതിയുടെ നിലപാട് അനുസരിച്ച് ഓണ്‍ലൈന്‍ അപേക്ഷകള്‍ക്കുള്ള സമയപരിധി നീട്ടുന്ന കാര്യം തീരുമാനിക്കുമെന്നാണ് വിദ്യാഭ്യാസവകുപ്പ് അറിയിച്ചിരുന്നു.

അപേക്ഷ നല്‍കുന്നതിനുള്ള സമയം ഇന്ന് ഉച്ചയ്ക്ക് ഒരുമണിവരെ ദീര്‍ഘിപ്പിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്.